രോഹിണിയുടെ ആടുജീവിതത്തിന് കൈത്താങ്ങായി തോമസ് ഐസക്

ആടുജീവിതം നയിച്ചിരുന്ന രോഹിണിയെന്ന ആലപ്പുഴക്കാരിയ്ക്ക് കൈത്താങ്ങായി ധനകാര്യമന്ത്രി തോമസ് ഐസക്ക്.

തിരുവനന്തപുരം| aparna shaji| Last Updated: ശനി, 2 ജൂലൈ 2016 (12:29 IST)
ആടുജീവിതം നയിച്ചിരുന്ന രോഹിണിയെന്ന ആലപ്പുഴക്കാരിയ്ക്ക് കൈത്താങ്ങായി ധനകാര്യമന്ത്രി തോമസ് ഐസക്ക്. പ്രമുഖ പത്രത്തിൽ അച്ചടിച്ചുവന്ന വാർത്തയിലൂടെയാണ് താൻ ഇക്കാര്യം അറിയുന്നതെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇവർക്കായി ചെറിയൊരു പദ്ധതി തയ്യാറാകിയെന്നും മന്ത്രി വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്: തണ്ണീർമുക്കം പഞ്ചായത്ത് മെമ്പർ ജ്യോതിസ് പറഞ്ഞാണ് ഞാന്‍ രോഹിണിയുടെ ആട് ജീവിതത്തെക്കുറിച്ച് അറിയുന്നത്. പത്രത്തിലൂടെ ഇക്കാര്യം അറിയേണ്ടി വന്നതി കുറച്ച് നാണക്കേടും തോന്നി. രോഹിണി വിധവയാണ്. 40 വയസ്സായ മകള്‍ അവിവാഹിതയാണ്. മെഡിക്കല്‍ കോളേജില്‍ സൈക്കിള്‍ സൂക്ഷിപ്പുകാരിയെന്ന നിലയില്‍ ചെറിയൊരു വരുമാനമുണ്ട്.

ഏകമകന്‍ നടുവേദനമൂലം പണിക്ക് പോകുന്നില്ല. പിന്നെ വരുമാനം എന്നുപറയാവുന്നത് ആടുകളെ വളര്‍ത്തുന്നതിലൂടെ കിട്ടുന്നതാണ്. 10 ആടുകളുണ്ട് ഇവര്‍ക്ക്. ആട്ടിന്‍പാലും, ഇടയ്ക്കിടയ്ക്ക് ആടുകളെയും വില്‍ക്കും. ആടുകളും വീട്ടില്‍ തന്നെയാണ് താമസം. അതിന്റെ വൃത്തികേടുകളെല്ലാം വീട്ടില്‍ കാണാം. ഞാന്‍ പറഞ്ഞതനുസരിച്ച് സ്‌നേഹജാലകം പ്രവര്‍ത്തകര്‍ അവിടെ ചെല്ലുമ്പോള്‍ രോഹിണി കോടതിയില്‍ പോയിരിക്കുകയാണ്. രോഹിണിയുടെ ആടുവളര്‍ത്തലിനെതിരെ പരിസരദൂഷണത്തിന്റെ പേരില്‍ ആരോ കേസ് കൊടുത്തിരിക്കുന്നു പോലും.

വീട്ടിലുണ്ടായിരുന്ന മകനുമായി ഫോണില്‍ സംസാരിച്ചു. ചെറിയൊരു പദ്ധതി തയ്യാറാക്കി. ആടുകളെ വളര്‍ത്താന്‍ വൃത്തിയുള്ള ആധുനിക തൊഴുത്ത്. വീട് അറ്റകുറ്റപ്പണി ചെയ്ത് പുതുക്കുക. ഈ കുടുംബത്തെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. തൊഴുത്തിനും വീടിന്റെ അറ്റകുറ്റപ്പണിക്കുമായി ഒരു സുഹൃത്ത് 25,000 രൂപ ഇതിനകം വാഗ്ദാനം ചെയ്തുകഴിഞ്ഞു. എന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം. പാതിരപ്പള്ളിയിലെ സ്‌നേഹജാലകം (സി ജി ഫ്രാന്‍സിസ് സ്മാരക ട്രസ്റ്റ്) ആയിരിക്കും നിര്‍മ്മാണ പ്രവൃത്തികളുടെ ചുമതല ഏറ്റെടുക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :