മഴ വരുന്നേ ... കാലവര്‍ഷം ഉടനെത്തും, ആലപ്പുഴയില്‍ മഴ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ആദ്യം കാലവര്‍ഷം എത്തുക ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലുള്ള മേഖലയിലായിരിക്കും

 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം , മഴ , കാലവര്‍ഷം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (09:25 IST)
മഴക്കുറവില്‍ വലയുന്ന കേരളത്തില്‍ വ്യാഴാഴ്ച കാലവര്‍ഷമെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്‌ച മുതല്‍ ശക്തി പ്രാപിക്കും.10 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു ദുരന്തനിവാരണവിഭാഗം കലക്ടർമാർക്കു മുന്നറിയിപ്പു നൽകി.

അറബിക്കടലിലെത്തിയ കാലവര്‍ഷം കേരള തീരത്തെത്താന്‍ വൈകിയതാണ് കാലവർഷത്തെ വൈകിപ്പിച്ചത്. ഇടിയോടുകൂടിയ കനത്ത മഴ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രതീക്ഷിക്കാമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളത്തിനു പുറമേ കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴ പെയ്യും. സാമാന്യം മികച്ച കാലവര്‍ഷമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.

ആദ്യം കാലവര്‍ഷം എത്തുക ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലുള്ള മേഖലയിലായിരിക്കും. ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് ഇതിനു കാരണം. രണ്ടു ദിവസത്തിനുള്ളില്‍ തെക്കോട്ടും തുടര്‍ന്ന് വടക്കോട്ടും കാലവര്‍ഷം സജീവമാകുമെന്നും കാറ്റ് ഇക്കുറി അനുകൂലമല്ലാതിരുന്നതിനാലാണ് കാലവര്‍ഷമെത്താന്‍ വൈകിയതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വേനൽമഴയ്ക്കു തുടർച്ചയായാണ് ഇത്തവണ കാലവർഷം തുടങ്ങുന്നത്. രണ്ടാഴ്ചയിലേറെയായി പല ജില്ലകളിലും വേനൽമഴ തുടരുകയാണ്. മാർച്ച് മുതൽ മേയ് 31 വരെ 313 മില്ലിമീറ്റർ മഴയാണു കേരളത്തിൽ ലഭിച്ചത്. ശരാശരി ലഭിക്കേണ്ട വേനൽമഴയെക്കാൾ 18% കുറവാണിത്. കണ്ണൂർ, മലപ്പുറം ജില്ലകളിലാണു മഴ ഏറ്റവും കുറഞ്ഞത്. തിരുവനന്തപുരത്ത് ശരാശരിയെക്കാൾ 37% അധികം മഴ ലഭിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :