യാതൊരു ജനാധിപത്യ വിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്: തോമസ് ഐസക്

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മതതീവ്രവാദികള്‍ തന്നെ

Sumeesh| Last Modified ബുധന്‍, 4 ജൂലൈ 2018 (15:27 IST)
പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മതതീവ്രവാദികള്‍ തന്നെയാണെന്ന്. ധനമന്ത്രി തോമസ് ഐസക്ക്. യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


കൊടുംക്രിമിനലുകളായ ഈ ഭീകരസംഘത്തെ എല്ലാത്തരം സാമൂഹ്യവിനിമയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സൌഹാര്‍ദ്ദ മനോഭാവത്തോടെയുള്ള ഒരു പുഞ്ചിരിയ്ക്കുപോലും ഇവറ്റകള്‍ക്ക് അര്‍ഹതയില്ല. എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സാമൂഹ്യബഹിഷ്‌കരണമാണ് അഭിമന്യു എന്ന നിരപരാധിയുടെ രക്തസാക്ഷിത്വം കേരളസമൂഹത്തോട് ആഹ്വാനം ചെയ്യുന്നത് എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇനി തീരുമാനം സമൂഹത്തിന്റേതാണ്. യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്. തങ്ങളെ മതതീവ്രവാദികളെന്ന് ആക്ഷേപിക്കുന്നുവെന്നാണ് എസ്ഡിപിഐക്കാരുടെപരാതി.

അതേ, പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മതതീവ്രവാദികള്‍ തന്നെയാണ്. മതത്തിന്റെ പേരിലാണ് അവരുടെ അഭിനയം. മതത്തിന്റെ പേരില്‍ത്തന്നെയാണവര്‍ കത്തി രാകുന്നത്. മതത്തിന്റെ പേരില്‍ത്തന്നെയാണവര്‍ ഭീഷണി മുഴക്കുന്നത്. വിനോദയാത്ര പോകുമ്‌ബോഴും കുട്ടികള്‍ക്ക് യൂണിഫോം നിശ്ചയിക്കുമ്പോഴും കാമ്ബസ് ഫ്രണ്ടുകാര്‍ കലാലയങ്ങളില്‍ അഴിഞ്ഞാടാനെത്തുന്നത് മതത്തിന്റെ പേരില്‍ത്തന്നെയാണ്. അങ്ങനെയുള്ളവരെ മതതീവ്രവാദികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്

കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തില്‍ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. മാത്രമല്ല, ഈ തീവ്രവാദയകൊലയാളി സംഘങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയുടെ മുന്‍നിരയില്‍ കടന്നിരുന്നത്.

കൊടുംക്രിമിനലുകളായ ഈ ഭീകരസംഘത്തെ എല്ലാത്തരം സാമൂഹ്യവിനിമയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സൌഹാര്‍ദ്ദ മനോഭാവത്തോടെയുള്ള ഒരു പുഞ്ചിരിയ്ക്കുപോലും ഇവറ്റകള്‍ക്ക് അര്‍ഹതയില്ല. എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സാമൂഹ്യബഹിഷ്‌കരണമാണ് അഭിമന്യു എന്ന നിരപരാധിയുടെ രക്തസാക്ഷിത്വം കേരളസമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :