മത്സരിക്കുന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് വിഎസ് ;ഒഴിവാക്കിയാൽ വിരമിക്കുമെന്ന് സൂചന

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം, തെരഞ്ഞെടുപ്പ്, സി പി എം, സീതാറാം യെച്ചൂരി thiruvanathapuram, election, CPM, seetharam yechuri
തിരുവനന്തപുരം| Sajith| Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (14:16 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകറുടെ ചോദ്യങ്ങള്‍ക്കാണ് വിഎസ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിനേയും പിണറായി വിജയനേയും മൽസരിപ്പിക്കണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് സംസ്ഥാന ഘടകത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. വി എസ് മത്സരിക്കണമെന്നും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണ് അദ്ദേഹമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ വി എസ് മത്സരിക്കുന്നതിനെ ചൊല്ലി സിപിഐഎമ്മില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 90 വയസ് കഴിഞ്ഞ വി എസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനുള്ള വിയോജിപ്പ് പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചിലര്‍ അറിയിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ന്ന പ്രായപരിധി വേണോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കൊടിയേരി വ്യക്തമാക്കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഐഎം സംസ്ഥാന സെക്രട്ടറി സമിതി യോഗങ്ങള്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ ചേരും.

അതേസമയം, പ്രായംപറഞ്ഞു തന്നെ ഒഴിവാക്കിയാൽ വിരമിക്കുമെന്നു വിഎസ് ദേശീയ നേതൃത്വത്തോടു വ്യക്‌തമാക്കിയതായാണ് റിപ്പോർട്ടുകള്‍. സ്‌ഥാനാർഥിയല്ലെങ്കിൽ പ്രചാരണത്തിനും താനുണ്ടാവില്ലെന്ന രീതിയിൽ വെല്ലുവിളി ഉയർത്തുകയാണു വിഎസ് ചെയ്‌തതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :