മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം, ഡോക്ടര്‍, അറസ്റ്റ് thiruvananthapuram, doctor, arrest
തിരുവനന്തപുരം| Last Updated: ശനി, 14 മെയ് 2016 (13:34 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തകഴി പുതുവല്‍ വീട്ടില്‍ വിപിന്‍ എന്ന 25 കാരനാണ് ഡോക്ടര്‍ ചമഞ്ഞ് പൊലീസ് വലയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ അത്യാഹിത വിഭാഗത്തില്‍ എത്തിയ ഒരു രോഗിക്ക് നല്‍കിയ കുറിപ്പില്‍ രോഗത്തിനുള്ള മരുന്നല്ല എഴുതിയിരിക്കുന്നതെന്ന് രോഗിയുടെ മകന്‍ കണ്ടെത്തി. സംശയം തോന്നി അഭിനവ ഡോക്ടറെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

ഇയാളില്‍ നിന്ന് സ്റ്റെതസ്കോപ്പ്, ബി.പി അപ്പാരറ്റസ്, ചില ഗുളികകള്‍ എന്നിവയും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറിപ്പ് നല്‍കുകയും തുടര്‍ന്ന് ഈ മരുന്ന് ആശുപത്രിയില്‍ ഇല്ലെന്നും വില തന്നാല്‍ ഈ മരുന്ന് തരാമെന്നും അറിയിച്ച് പണം കൈപ്പറ്റുകയായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ഏവരുടെയും കണ്ണു വെട്ടിച്ച് ഇവിടെ ഡോക്ടര്‍ ചമഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

പത്താം ക്ലാസ് മാത്രം പാസായ ഇയാള്‍ മധുരയിലെ ഒരു കോഴിക്കടയില്‍ ജോലി ജോലി നോക്കിയിരുന്നു.
ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന സൌജന്യ ഭക്ഷണം കഴിച്ച ശേഷം ആശുപത്രി പരിസരത്തു തന്നെയായിരുന്നു തങ്ങിയിരുന്നത്. സ്റ്റെതസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ആശുപത്രിയില്‍ നിന്നു തന്നെ ഇയാള്‍ മോഷ്ടിച്ചവയാണെന്നും പൊലീസ് അറിയിച്ചു.

ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ എല്ലാവരും ഐഡന്‍റിറ്റി കാര്‍ഡ് ധരിക്കണമെന്നും ആവശ്യമെങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇത് പരിശോധിക്കാമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :