തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 14 മെയ് 2016 (11:20 IST)
ഭരണഘടനാ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാര്‍ കാഴ്ചവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ ജനവികാരം ശക്തമാണ്. യു ഡി എഫ് മലീമസമാക്കിയ കേരളത്തെ ശുദ്ധീകരിക്കാനുള്ള പ്രക്രിയയുടെ തുടക്കമാണ് ഈ തിരഞ്ഞെടുപ്പ്. കർമനിരതരായ പൊലീസ് ഉദ്യോഗസ്ഥരെ മൂലയ്ക്കൊതുക്കി ഏറാൻമൂളികളായ ശിങ്കിടികളെ ഉപയോഗിച്ച് ക്രിമിനൽ കേസുകളുടെ അന്വേഷണത്തെ അട്ടിമറിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്യുന്നത്. വി എസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
യു.ഡി.എഫ്. മലീമസമാക്കിയ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം നമുക്ക് ശുദ്ധീകരിക്കണം.
"രാഷ്ട്രീയമായും സാമ്പത്തികമായും നാം അഭിമുഖീകരിക്കുന്ന കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളെ കൂടാതെ മറ്റൊരു വലിയ പ്രശ്നമാണ് കോൺഗ്രസ്കാരിൽ ആകെയുള്ള മൂല്യച്യുതി. മറ്റ് പ്രോവിൻസുകളെ സംബന്ധിച്ച് അഭിപ്രായം പറയാൻ ഞാനാളല്ല. എന്റെ പ്രോവിൻസിലെ സ്ഥിതി പരിതാപകരമാണ്. നിരവധി എം.എൽ.എ.മാരുടെയും എം.എൽ.സി മാരുടെയും നയം വെയിലുള്ളപ്പോൾ വൈയ്ക്കോൽ ഉണക്കുക എന്നതാണ്. ക്രിമിനൽ കോടതികളിലെ മജിസ്ട്രേറ്റ്മാരുടെ നീതി നിർവ്വഹണത്തെ പോലും തടസ്സപ്പെടുത്തി തങ്കളുടെ സ്വാധീനം ഉപയോഗിച്ച് പണം സമ്പാദിക്കുക എന്നതാണ് അവരുടെ മുഖ്യപ്രവർത്തി. ജില്ലാ കളക്ടർമാരുടെയും, റെവന്യൂ അധികാരികളുടെയും കൃത്യനിർവ്വഹണത്തിൽ എം.എൽ.എ. മാരുടെയും എം.എൽ.സി.മാരുടെയും അവരുടെ ശിങ്കിടികളുടെയും ആശ്വാസ്യമല്ലാത്ത ഇടപെടൽ നിർഭയമായി ജോലി നിർവ്വഹിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. സത്യസദ്ധരായ ഉദ്യോഗസ്ഥർക്ക് അവരുടെ സ്ഥാനത്ത് തുടരാൻ കഴിയുന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതികൾ നൽകുന്ന തത്വദീക്ഷയില്ലാത്തവരുടെ പ്രവർത്തികൾക്ക് മന്ത്രിമാർ കൂട്ട് നിൽക്കുന്നു. ......... കോൺഗ്രസ് കാരുടെയിടയിലുള്ള പണസമ്പാദന പ്രവർത്തനങ്ങളും, എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ദൗർബ്ബല്യങ്ങളും ജനങ്ങളുടെ ആകെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോൺഗ്രസ് ഭരണത്തെ ശപിച്ച് കൊണ്ട് ഇതിലും ഭേദം ബ്രിട്ടീഷ് ഭരണമാണെന്ന് അവർ അഭിപ്രായപ്പെടുന്നു.... "
ആന്ധ്രാ പ്രോവിൻസിലെ കോൺഗ്രസ് നേതാവായ ദേശഭക്ത കൊണ്ട വെങ്കിടപ്പയ ഗാരു സ്വാതന്ത്രാനന്തരമുള്ള കോൺഗ്രസ് ഭരണത്തെക്കുറിച്ച് മഹാത്മാ ഗാന്ധിക്ക് എഴുതിയ കത്തിലെ ചില ഭാഗങ്ങളാണ് ഇവിടെ ഉദ്ധരിച്ചത്. വെള്ളക്കാരിൽ നിന്ന് രാഷ്ട്രീയ അധികാരം ലഭിച്ച് ഏതാനും മാസങ്ങൾക്കകമുള്ള അവസ്ഥയാണ് മേൽ സൂചിപ്പിച്ച ഉദ്ധരണിയിൽ നിന്ന് വ്യക്തമാകുന്നത്. യു.ഡി.എഫ് . മലീമസമാക്കിയ കേരളത്തിലെ സാഹചര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഇത്തരം സാഹചര്യങ്ങളെ വിലയിരുത്തിയാണ് കോൺഗ്രസ് പിരിച്ച് വിടണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചത്.
അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ സുഗമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതുമായ ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ പ്രവർത്തന ശൈലി. കർമനിരതരായ പോലീസ് ഉദ്യോഗസ്ഥരെ മൂലയ്ക്കൊതുക്കി ഏറാൻമൂളികളായ ശിങ്കിടികളെ ഉപയോഗിച്ച് ക്രിമിനൽ കേസുകളുടെ അന്വേഷണത്തെ അട്ടിമറിക്കുന്നു. കോടതികളെ പോലും ജുഗുസ്പാവഹമായ തന്റെ രാഷ്ട്രീയ കളിക്കായി ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ ജനവികാരം ശക്തമാണ്. "അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും" എന്ന് പറഞ്ഞ പോലെയുള്ള അവസ്ഥയിലാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ! യു.ഡി.എഫ്. മലീമസമാക്കിയ കേരളത്തെ ശുദ്ധീകരിക്കാനുള്ള പ്രക്രിയയുടെ തുടക്കമാണ് ഈ തിരഞ്ഞെടുപ്പ്.