കത്തിച്ച സിഗരറ്റ് കൊണ്ട് കണ്ണിൽ കുത്തി, കല്ലുകൾ കൊണ്ട് തലയോട് ഇടിച്ചു തകർത്തു; അനന്തുവിനെ കൊന്നത് ഇഞ്ചിഞ്ചായി

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (09:01 IST)
തിരുവനന്തപുരം നഗരത്തിൽ നിന്ന് തട്ടികൊണ്ടു പോയ അനന്തുവെന്ന 21 വയസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് ഇന്നലെ കരമനയിലെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിനെ റോഡിലിട്ട് മർദിച്ചാണ് കൊണ്ടുപോയതെന്നും തമ്പാനൂർ ഭാഗത്തു വെച്ചാണ് സംഘത്തെ അവസാനമായി കണ്ടതെന്നും ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. വീര്യം കൂടിയ കഞ്ചാവിന്റെ ലഹരിയിൽ ചോര കണ്ട് അറപ്പ് തീരാതെയുള്ള രീതിയിലാണ് പ്രതികൾ അനന്തുവിനെ കൊലപ്പെടുത്തിയത്.

കൈത്തണ്ടയിലേയും കഴുത്തിലേയും ഞരമ്പുകൾ മുറിച്ച് ചോര ചീറ്റിച്ച് പ്രതികൾ അർമാദിച്ചു. തലയോട്ടി കല്ലുകൾ കൊണ്ട് ഇടിച്ച് തകർക്കുകയായിരുന്നുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. കഞ്ചാവിന് അടിമപ്പെട്ട ഒരുകൂട്ടം യുവാക്കളാണ് കൊല നടത്തിയിരിക്കുന്നതെന്ന് വ്യക്തം.

തട്ടിക്കൊണ്ട് പോയി കുറ്റിക്കാട്ടിൽ വെച്ചായിരുന്നു അനന്തുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അനന്തുവിന്റെ ശരീരത്തിൽ ഒരു സ്ഥലത്ത് പോലും മുറിവേൽക്കാത്ത ഇടമുണ്ടായിരുന്നില്ല. ക്രൂരമായി മർദ്ദിക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ കൊലയാളികൾ വായിൽ കല്ലും മണ്ണും വാരി നിറച്ചു.

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ തളിയിൽ അരശുമൂട് ഭാഗത്തു നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :