തിരുവനന്തപുരം നഗരസഭയില്‍ വനിതാ മെമ്പര്‍മാരുടെ തമ്മില്‍തല്ല്

തിരുവനന്തപുരം| JJ| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (17:02 IST)
കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം നഗരസഭയുടെ നിലവിലെ അവസാന കൌണ്‍സില്‍ യോഗത്തിലാണ് വനിതാ മെമ്പര്‍മാരുടെ പൊരിഞ്ഞ തമ്മില്‍ തല്ലുണ്ടായത്. പത്തോളം കൌണ്‍സിലര്‍മാര്‍ക്ക് തല്ല് കിട്ടുകയും ചെയ്തു.

ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനുണ്ടായ കാലതാമസം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു പ്രശ്നമുണ്ടായത്. കോണ്‍ഗ്രസ് അംഗം ജോണ്‍സണ്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ ബഹളം ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വനിതാ കൌണ്‍സിലര്‍ ലീലാമ്മ ഐസക്ക് ദേഷ്യത്തോടെ മേയറുടെ ഡയസിലേക്ക് ഓടിക്കയറി. എന്നാല്‍ ഇവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അംഗമായ മഹേശ്വരന്‍ നായര്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഈ ബഹളത്തിനിടെ മേയര്‍ ചന്ദ്രിക കൌണ്‍സില്‍ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ച് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയും ചെയ്തു.

ലീലാമ്മ മുന്നോട്ടു നീങ്ങുന്നതു കണ്ട് സി.പി.ഐ വനിതാ അംഗമായ ടി.ആര്‍.ശ്രീലേഖ ലീലാമ്മയെ പിടിച്ചുതള്ളി താഴത്തിട്ടു. ഇതുകണ്ട കോണ്‍ഗ്രസ് വനിതാ അംഗം ശ്രരേഖ ശ്രീലേഖയെ അടിച്ചു. പിന്നീട് വനിതാ അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടിതന്നെ നടത്തി. അടിക്കിടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്മാരായ പുഷ്പലത, ഷാജി നാസര്‍ എന്നിവര്‍ക്കും തല്ല് കിട്ടി.

അടി കൊണ്ടു പുളഞ്ഞവരില്‍ യു.ഡി.എഫ്. കൌണ്‍സിലര്‍മാരായ ഗ്ലാഡിസ് അലക്സ്, ഒ.ബീന, എല്‍.ഡി.എഫ് കൌണ്‍സിലറായ കെ.എസ്.ഷീല എന്നിവരും പെടുന്നു. അവസാന പുരുഷ കൌണ്‍സിലര്‍മാര്‍ ഇടപെട്ടാണ് വനിതകളെ ശാന്തരാക്കിയത്. അങ്ങനെ ഇത്തവണത്തെ അവസാന യോഗം അടികലശലോടെ പര്യവസാനിച്ചു !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :