സാഹസികയാത്രയ്ക്ക് അഗസ്ത്യാര്‍കൂടം

Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (19:36 IST)
തിരക്ക് പിടിച്ച നഗരജിവിതത്തില്‍ നിന്ന് ഒഴിഞ്ഞ് പ്രകൃതിയുമായി ചേര്‍ന്ന് ശാന്തവും എന്നാല്‍ അല്‍പ്പം സാഹസികവുമായ ഒരു അവധിക്കാലം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും യോജിച്ച വിനോദസഞ്ചാര കേന്ദ്രമാണ് അഗസ്ത്യാര്‍കൂടം. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന അഗസ്ത്യമുനിയുടെ പര്‍ണ്ണശാല ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നതിനാലാണ് ഈ മലയ്ക്ക് അഗസ്ത്യാര്‍കൂടം എന്ന പേര് വന്നത്.

പശ്ചിമഘട്ട മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ഈ മല അപൂര്‍വമായ നിരവധി ഔഷധ ചെടികളുടെയും ജൈവവൈവിധ്യത്തിന്‍റെയും വിളനിലമാണ്. നീലഗിരി മലകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഇവിടെയും പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കാറുണ്ട്. ഏതൊരു സഞ്ചാരിയുടെയും മനസ് കീഴ്ടക്കുന്ന് മായക്കാഴ്ച തന്നെയാണ് കുറിഞ്ഞികള്‍ പൂത്ത അഗസ്ത്യാര്‍കൂടം.

എന്നാല്‍ ഈ പ്രകൃതി സൌന്ദര്യം ആസ്വദിക്കണമെങ്കില്‍ അല്‍പ്പം സാഹസികമായ യാത്രയ്ക്കും കൂടി സഞ്ചാരി തയാറായിരിക്കണം. ആനയും പുലിയും വിരഹിക്കുന്ന കാട്ടുപാതകളിലൂട വഴുക്കലുള്ള പാറകളും കടന്നു മാത്രമേ അഗസ്ത്യാര്‍ കൂടത്തില്‍ എത്താനൊക്കൂ. ഇതിനായി വനം വകുപ്പില്‍ നിന്ന് മുന്‍കൂട്ടി പാസും സ്വന്തമാക്കിയിരിക്കണം.

നിത്യബ്രഹ്മചാരിയായിരുന്ന അഗസ്ത്യമുനിയുടെ ആവാസ സ്ഥാനത്തേയ്ക്ക് സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണഗതിയില്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഫെബ്രുവരി വരെയാണ് വനത്തിലേക്കുള്ള ട്രക്കിങ്ങിന് ഏറ്റവും യോജിച്ച സമയമായി കണക്കാക്കപ്പെടുന്നത്.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അഗസ്ത്യാര്‍കൂടം. നെടുമങ്ങാടാണ് ഏറ്റവും സമീപത്തുള്ള പട്ടണം. തിരുവനന്തപുരത്തുനിന്ന് റോഡ് മാര്‍ഗം മാത്രമേ അഗസ്ത്യാര്‍കൂടത്തില്‍ എത്താന്‍ സാധിക്കുകയുള്ളു. തിരുവനന്തപുരത്ത് തന്നെയാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷനും, എയര്‍പോര്‍ട്ടും. മികച്ച താമസ സൌകര്യമുള്ളതും തിരുവനന്തപുരത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :