20 വർഷമായി ഒളിച്ചുനടന്ന ഉമ്പായി പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified ശനി, 12 മാര്‍ച്ച് 2022 (14:07 IST)
കാസർകോട്: അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വാഹന മോഷണം നടത്തി പോലീസിൽ നിന്ന് മുങ്ങി നടന്ന മോഷ്ടാവിനെ 20 വർഷങ്ങൾക്ക് ശേഷം പിടികൂടി. മടിക്കേരി സോമാർപ്പെട്ട ഹൊസപ്പെട്ട സ്വദേശി ഉമ്പായി എന്ന വിളിപ്പേരുള്ള ഇബ്രാഹിം (46) കാസർകോട് പോലീസിന്റെ പിടിയിലാണ് അകപ്പെട്ടത്. ഇയാളെ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നതാണ്.

കുപ്രസിദ്ധ വാഹന മോഷ്ടാവായ ശ്രീധര ഷെട്ടിയുടെ കൂട്ടാളിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു. വയനാട് തിരുനെല്ലിയിൽ ഹുസ്സൈൻ എന്ന പേരിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യവെയാണ് ഇയാളെ പോലീസ് സാഹസികമായി പിടിച്ചത്. കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അംഗങ്ങളാണ് ഇയാളെ പിടികൂടിയത്.


സംസ്ഥാനത്തെ വിവിധ ജില്ലകൾ കൂടാതെ തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും ഇയാൾ വാഹന കവർച്ച നടത്തിയിട്ടുണ്ട്. വാഹനം കവർന്ന ശേഷം നമ്പറുകൾ മാറ്റി മദ്യക്കടത്തു സംഘത്തിനാണ് അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് വരെ വിൽപ്പന നടത്തും. കാസർകോട്ട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ മുപ്പത്തിലേറെ കേസുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :