ജൂവലറിയിലേക്ക് കൊണ്ടുപോയ സ്വർണ്ണം കവർന്ന സംഭവം : 6 പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 22 ജൂണ്‍ 2024 (21:22 IST)
മലപ്പുറം: കച്ചവടത്തിനായി ജുവലറികളിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം ജീവനക്കാരനെ ആക്രമിച്ച് കവർന്ന സംഭവത്തിലെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിലെ പ്രതികളായ കാളാട് വട്ടക്കിണർ കുന്നത്ത് വീട്ടിൽ മുഹമ്മദ്‌ റിഷാദ് എന്ന ബാപ്പുട്ടി (32), പച്ചാട്ടിരി കൊട്ടെക്കാട് തറയിൽ മുഹമ്മദ് ഷാഫി(34), പച്ചാട്ടിരി മരക്കാരകത്ത് കളത്തിപ്പറമ്പിൽ ഹാസിഫ് (35), താനൂർ ആൽബസാറിൽ കുപ്പന്റെ പുരയ്ക്കൽ റമീസ് (32), പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് പുതുമനത്തൊടി വിവേക് (25), മീനടത്തൂർ മന്നത്ത് വീട്ടിൽ നൗഫൽ (27) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മേയ് രണ്ടിന് താനൂർ ഒഴൂരിൽ വച്ചായിരുന്നു സംഭവം.കോഴിക്കോട് ശുഭ് ഗോൾഡ് സ്ഥാപന ഉടമ പ്രവീൺ സിംഗ് രാജ്‌പുത് തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്രസിംഗ് റാവുവിന്റെ കൈവശം

കച്ചവടത്തിനായി ജുവലറികളിലേക്ക് കൊടുത്തയച്ച രണ്ടു കിലോ തൂക്കംവരുന്ന സ്വർണാഭരണങ്ങളും 43.5 ഗ്രാം സ്വർണക്കട്ടിയുമാണ് കവർന്നത്.

മഹേന്ദ്രസിംഗ് റാവു മഞ്ചേരിയിലെ ജുവലറിയിൽ പോയി വരുമ്പോൾ പുതിയ ജുവലറിയിലേക്ക് സ്വർണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രതികൾ മൊബൈൽ ഫോണിൽ വിളിച്ച് താനൂർ തെയ്യാല ബസ് സ്റ്റാൻഡ് പരിസരത്ത് എത്താൻ പറഞ്ഞു. ഇവിടെയെത്തിയ മഹേന്ദ്രസിംഗിനെ സ്വർണം കാണിച്ച് കൊടുക്കാനെന്ന് പറഞ്ഞ് ഒരാൾ മോട്ടോർ സൈക്കിളിൽ കയറ്റി ചുരങ്ങരയിലെത്തിച്ചു. അവിടെ നിന്ന് കാറിൽ തട്ടിക്കൊണ്ടു പോയി സ്വർണം കവരുകയായിരുന്നു. മഹേന്ദ്രസിംഗിനെ ഒഴൂരിൽ ഉപേക്ഷിച്ചു പ്രതികൾ കടന്നുകളഞ്ഞു.


കേസിലെ ഒന്നാം പ്രതി മുഹമ്മദ്‌ റിഷാദ് കാപ്പ ചുമത്തിയ ശേഷം ജില്ലയ്ക്ക് പുറത്തായിരുന്നു താമസം ഇവിടെ വച്ച് മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് കവർച്ച ആസൂത്രണം ചെയ്തത്. കൊല്ലം സ്വദേശിയുടെ പേരിലുള്ള ഫോണാണ് പ്രതികൾ മഹേന്ദ്രസിംഗുമായി ബന്ധപ്പെടാൻ ഉപയോഗിച്ചത്. ശേഷം ഫോൺ സ്വിച്ച് ഓഫാക്കി കടന്നുകളഞ്ഞു.

സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും മറ്റും ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പാലക്കാട്ടു നിന്ന് പിടികൂടിയത്.താനൂർ ഡിവൈ.താനൂർ ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച കാറും 900 ഗ്രാം കവർച്ചാ സ്വർണ്ണവും കണ്ടെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :