എ കെ ജെ അയ്യര്‍|
Last Modified ശനി, 25 മെയ് 2024 (19:32 IST)
മലപ്പുറം: സ്വന്തം വീട്ടിൽ സ്വർണ്ണാഭരണം കവർത്ത സംഭവത്തിൽ ഗ്രഹനാഥയുടെ മകളും മരുമകനും അറസ്റ്റിലായി. തെന്നല മുച്ചിത്തറ കുന്നത്തേടത്ത് നബീസുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
സംഭവത്തിൽ നബീസുവിന്റെ മകൾ സബീറ (35), ഭർത്താവ് കോഴിച്ചെന പുനത്തിൽ അബ്ദുൽ ലത്തീഫ് (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിക്കുകയും തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. നബീസുവിന്റെ പേരക്കുട്ടിയുടെ വളയും മാലയുമടക്കം രണ്ടേ കാൽ പവൻ സ്വർണവും മൊബൈൽ ഫോണും രണ്ടായിരം രൂപയുമാണ് മോഷണം പോയത്. മാല നബീസുവിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ അടിയിൽനിന്നും പൊലീസ് കണ്ടടുത്തു.
സബീറയും അബ്ദുൽ ലത്തീഫും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയത്. സബീറ ഈ വീട്ടിൽ തന്നെയാണ് താമസം.
രണ്ടു ദിവസം മുമ്പാണ് നബീസുവിൻ്റെ പേരമകൾ വീട്ടിൽ വിരുന്നുവന്നത്. മോഷണ ദിവസം നബീസു വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ അബ്ദുൽ ലത്തീഫിന് സബീറ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു എന്ന് പോലീസിനോടു പറഞ്ഞു.