ബൈക്കിലെത്തി മാല പിടിച്ചുപറിച്ച രണ്ട് പേർ അറസ്റ്റിൽ
എ കെ ജെ അയ്യര്|
Last Modified ബുധന്, 18 മെയ് 2022 (16:58 IST)
കായംകുളം: ബൈക്കിലെത്തി മാല പിടിച്ചുപറിച്ച കേസിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ കിഴക്കേക്കര മുതുകുളം മാളു ഭവനിൽ ശ്രീകുമാർ എന്ന ചില്ലു ശ്രീകുമാർ (36), ശാസ്താംകോട്ട പെരുവേലിക്കര രാധാലയത്തിൽ ജയരാജ് (33) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ആറാം തീയതി കായംകുളം റയിൽവേ സ്റ്റേഷൻ റോഡിൽ യുവതിയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. പെരിങ്ങാല സ്വദേശിനിയായ യുവതി സഹോദരന്റെ സൈക്കിളിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുമ്പോഴായിരുന്നു ഇവർ ബൈക്കിലെത്തി മാലപൊട്ടിച്ചു കടന്നുകളഞ്ഞത്.
എന്നാൽ ഇവർ വന്ന ബൈക്ക് കലവൂരിൽ നിന്ന് മോഷ്ടിച്ചതായിരുന്നു എന്നാണു പോലീസ് പറഞ്ഞത്. കായംകുളത്തെ ഗുണ്ടയായിരുന്ന കൊച്ചി നൗഷാദ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും. അടുത്തിടെയാണ് ഇരുവരും കൊലപാതക കേസിലെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.