ജീവന്‍ ജോ പോള്‍|
Last Modified വെള്ളി, 10 ജൂലൈ 2015 (16:17 IST)
കേരളത്തില്‍ ‘പ്രേമം’ കൊടുങ്കാറ്റുപോലെ പറന്നടിക്കുന്ന സമയമാണല്ലോ. പൈറസി വിവാദത്തില്‍ പ്രേമം അല്‍പ്പമൊന്ന് ഉലഞ്ഞുനില്‍ക്കുകയും എ ക്ലാസ് തിയേറ്ററുകള്‍ സമരം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബാഹുബലി സംസ്ഥാനത്ത് റിലീസായത്. എന്തായാലും പ്രേമത്തിന് മങ്ങലേല്‍പ്പിക്കുന്ന ബോക്സോഫീസ് പ്രകടനമാണ് ബാഹുബലി കേരളത്തില്‍ ആദ്യദിനം നടത്തുന്നതെന്ന് നിസ്സംശയം പറയാം.
പ്രേമത്തെപ്പോലെ ഒരു കൊച്ചുചിത്രത്തെ ബാഹുബലി മലര്‍ത്തിയടിച്ച് മുന്നേറിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം പ്രേമം അഞ്ചുകോടിയില്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ബാഹുബലി 250 കോടിയുടെ ബ്രഹ്‌മാണ്ഡ നിര്‍മ്മിതിയാണ്. മഹിഷ്മതിയുടെ തലസ്ഥാനത്ത് രാജ ബല്ലാലദേവയുടെ കൂറ്റന്‍ സ്വര്‍ണപ്രതിമ ഉയര്‍ത്തുന്ന രംഗം തന്നെ നോക്കാം. ചരിഞ്ഞുവീഴാന്‍ പോയ പ്രതിമയെ കൂറ്റന്‍ കയറാല്‍ ഒറ്റയ്ക്ക് താങ്ങി ഉയര്‍ത്തുന്നത് അവനാണ് - ബാഹുബലി. പാവം പ്രേമത്തിന് ഇങ്ങനെയൊരു മഹാമനുഷ്യനോട് എതിരിട്ടുനില്‍ക്കാന്‍ കഴിയുമോ?
മുമ്പ് ഒരു താരതമ്യപഠനം ഇടയ്ക്കിടെ തമിഴ് - തെലുങ്ക് പ്രേക്ഷകര്‍ തമ്മില്‍ നടത്തിയിരുന്നു. തമിഴകത്തിന്‍റെ ഷങ്കറാണോ തെലുങ്കിന്‍റെ എസ് എസ് രാജമൌലിയാണോ വലിയ സംവിധായകന്‍. കുറച്ചുനാള്‍ മുമ്പുവരെ അത് ഷങ്കര്‍ ആയിരുന്നു. എന്നാല്‍ ഇന്ന്, ബാഹുബലി റിലീസായ ഇന്ന്, ആര്‍ക്കും ഒരു സംശയവും ഉണ്ടാകാനിടയില്ല. ഇന്ത്യയില്‍ എസ് എസ് രാജമൌലി എന്ന മഹാപ്രതിഭയെ മറികടക്കാന്‍ ഒരു സംവിധായകനില്ല!
കൂടുതല്‍ നിരൂപണങ്ങള്‍ക്ക്
ബുക്ക് മൈ ഷോയിലേക്ക്
‘ബാഹുബലി’ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമാണെന്ന് വിശേഷിപ്പിക്കണം. ഈ സിനിമയെ വിശേഷിപ്പിക്കാന്‍ മറ്റുപദങ്ങള്‍ക്കൊന്നും കരുത്ത് പോരാതെ വരും. രാമായണത്തോടും മഹാഭാരതത്തോടും ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന ചായ്‌വ് ഈ സിനിമയ്ക്ക് ഉണ്ട്. എന്നാല്‍ ഇത് രാമായണമോ മഹാഭാരതമോ അല്ല. പുതിയൊരു ഇതിഹാസം തന്നെയാണ്. ദസ്തയേവ്സ്കി കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ അനുഭവിക്കുന്നത്.
ശിവ(പ്രഭാസ്)യും അവന്തിക(തമന്ന)യും തമ്മിലുള്ള ബന്ധത്തിന്‍റെ തുടക്കമാണ് സിനിമയുടെയും തുടക്കം. അവിടെനിന്ന് നമ്മള്‍ ഇതുവരെ കാണാത്ത കാഴ്ചകളിലേക്ക്, ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങളിലേക്ക് രാജമൌലി ക്ഷണിക്കുകയാണ്. കാണുന്ന കാഴ്ചകളൊന്നും പടം ബ്രഹ്മാണ്ഡമാക്കാന്‍ വേണ്ടി പടച്ചുവിട്ട ജീവനില്ലാത്ത ദൃശ്യങ്ങളല്ല. ഉജ്ജ്വലമായ ഒരു സിനിമ അതിന്‍റെ ഏറ്റവും തീവ്രമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്നതിന്‍റെ വിസ്മയനിമിഷങ്ങളാണത്.
പ്രഭാസിന്‍റെ ഇരട്ടവേഷങ്ങളും റാണ ദഗ്ഗുബാട്ടിയുടെ ബല്ലാല ദേവയും ഗംഭീരമെന്നേ പറയേണ്ടൂ. എന്നാല്‍ തമന്ന പലപ്പോഴും നിരാശ സമ്മാനിക്കുന്നു. അവന്തിക എന്ന കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം നല്‍കാന്‍ തമന്നയ്ക്ക് കഴിയുന്നില്ല. രമ്യാകൃഷ്ണനും സത്യരാജും തിളങ്ങിനില്‍ക്കുന്നു.
ഗാനരംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ബാഹുബലിയുടെ ഏറ്റവും വലിയ ആകര്‍ഷണം. എം എം കീരവാണിയുടെ ആരെയും കീഴടക്കുന്ന ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മാറ്റുകൂട്ടാന്‍ സഹായിച്ചു. ഇത്രയും പെര്‍ഫെക്ട് ആയ യുദ്ധരംഗങ്ങള്‍ നമ്മള്‍ ഹോളിവുഡ് സിനിമകളില്‍പ്പോലും അപൂര്‍വമായേ കണ്ടിട്ടുള്ളൂ. ശ്വാസമടക്കിപ്പിടിച്ചു മാത്രം കണ്ടിരിക്കുന്ന പോരാട്ടമുഹൂര്‍ത്തങ്ങളിലേക്കാണ് ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ നമ്മള്‍ എത്തിച്ചേരുന്നത്.
എന്തായാലും ഈ സിനിമയുടെ രണ്ടിരട്ടി ഗംഭീരമാകും രണ്ടാം ഭാഗമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അത് അടുത്ത വര്‍ഷം വരും. ബാഹുബലിയുടെ ഹാംഗോവര്‍ അടുത്ത വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്നതില്‍ സംശയമില്ല. എന്തായാലും 2015, 2016 വര്‍ഷങ്ങള്‍ ഇന്ത്യന്‍ സിനിമ രാജമൌലിക്ക് തീറെഴുതി നല്‍കിയിരിക്കുന്നു.
റേറ്റിംഗ്: 4/5