ഫ്‌ലക്‌സ് യുദ്ധം നിര്‍ത്തണം വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം കെ മുരളീധരന്‍
ഫ്‌ലക്‌സ് യുദ്ധം നിര്‍ത്തണമെന്നും വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണമെന്നും വട്ടയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍. 24 ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രി ആകണമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ക്കായി എത്ര ഫ്‌ലക്‌സ് വെച്ചു പരസ്യം കൊടുത്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രി ആര് വേണമെന്ന് തീരുമാനിക്കുന്നതെന്നും ഒരു പേര് പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നിരീക്ഷക പ്രതിനിധികള്‍ക്ക് മുന്നില്‍ തന്റെ എല്ലാ അഭിപ്രായങ്ങളും തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 102 സീറ്റ് തന്ന ജനങ്ങളോട് പ്രതിബദ്ധത വേണമെന്ന് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്‍ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് അദ്ദേഹം തെളിയിച്ചു. അതിന്റെ തെളിവാണ് യുഡിഎഫിന്റെ വലിയ വിജയം. ഇനി അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇത്രയധികം സീറ്റ് നല്‍കിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി പറഞ്ഞു.
