മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ടാം തവണയാണ് ആനയ്ക്കു മയക്കുവെടിയേല്‍ക്കുന്നത്

Wild Elephant
Wild Elephant
രേണുക വേണു| Last Modified ശനി, 3 ഫെബ്രുവരി 2024 (07:36 IST)

വയനാട് മാനന്തവാടി നഗരത്തില്‍ ഭീതി പരത്തിയ കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു. നഗരത്തില്‍ ഇറങ്ങിയ ഒറ്റയാനെ ഇന്നലെ രാത്രിയോടെ മയക്കുവെടി വച്ചു പിടിച്ച് ബന്ദിപ്പൂര്‍ വനമേഖലയില്‍ ഇറക്കി വിട്ടിരുന്നു. അതിനുശേഷമാണ് ബന്ദിപ്പൂരില്‍ വെച്ച് തന്നെ ആന ചരിഞ്ഞത്. കര്‍ണാടക വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. വെറ്ററിനറി ഡോക്ടര്‍മാര്‍ ഉടന്‍ സ്ഥലത്തെത്തും.

കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ടാം തവണയാണ് ആനയ്ക്കു മയക്കുവെടിയേല്‍ക്കുന്നത്. 20 വയസ്സ് പ്രായമുള്ള തണ്ണീര്‍ക്കൊമ്പന്‍ പതിവായി ജനവാസ മേഖലയില്‍ ഇറങ്ങാറുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് കുങ്കിനായകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്.

ആനയുടെ ശരീരത്തില്‍ ഒരു മുഴയുണ്ടെന്നും ഇതാകും മരണകാരണമെന്നും പ്രാഥമിക നിഗമനമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :