നികുതി വര്‍ധന; സര്‍ക്കാരിനെതിരേ ശക്തമായ സമരത്തിന് എല്‍‌ഡി‌എഫ്

തിരുവനന്തപുരം| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (08:42 IST)
നികുതി വര്‍ധനയുടെ പശ്‌ചാത്തലത്തില്‍ സര്‍ക്കാരിനെതിരായ ശക്തമായ സമരത്തിന് എല്‍‌ഡി‌എഫ്. സമരപരിപാടികള്‍ ആലോചിക്കുന്നതിന്‌ ഞായറാഴ്‌ച എല്‍ഡിഎഫ്‌ യോഗം ചേരും. സംസ്‌ഥാന ചരിത്രത്തില്‍ എറ്റവും വലിയ നികുതി ഭാരം അടിച്ചേല്‍പ്പിച്ച യുഡിഎഫ്‌ സര്‍ക്കാരിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരണമെന്ന്‌ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

വെള്ളക്കരം അറുപത്‌ ശതമാനത്തിലേറെ കൂട്ടി. സംസ്‌ഥാന നിയമസഭയെ അഭിമുഖീകരിക്കാതെയും സഭ പാസാക്കിയ ബജറ്റിനെ അപ്രസക്‌തമാക്കിയും ഇത്രയും നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത്‌ ഇത്‌ ആദ്യമായാണ്. സാധാരണക്കാരുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ വന്‍കിടക്കാരില്‍ നിന്ന്‌ 500 കോടി രൂപ നികുതി കുടിശിഖ പിരിച്ചെടുക്കാനുണ്ടെന്ന്‌ വൈക്കം വിശ്വന്‍ പറഞ്ഞു.

സംസ്‌ഥാനത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ്‌ സംസ്‌ഥാന യുഡിഎഫ്‌ സര്‍ക്കാര്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ വര്‍ധിപ്പിച്ച നികുതി അടയ്‌ക്കാതെ ജനങ്ങള്‍ പ്രതിഷേധിക്കണമെന്ന്‌ സിപിഎം സംസഥാന സെക്രട്ടറി പിണറായി വിജയന്‍ ആഹ്വാനം ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :