വേനല്‍ കാലമായതിനാല്‍ ജലജന്യരോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 മാര്‍ച്ച് 2024 (15:52 IST)
വേനല്‍ കാലമായതിനാല്‍ ജലജന്യരോഗങ്ങള്‍ കൂടുകയാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലര്‍ത്തി ഉപയോഗിക്കരുത്.പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക. ആഹാരം പാകം ചെയ്യുന്നതിനും, വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്ത് പോയി വന്നതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കിണര്‍ വെള്ളം ക്‌ളോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്.ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.

കൂടാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക. വീട്ടു പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക. -ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :