വളർത്തുമീൻ ചത്ത വിഷമത്തിൽ പതിമൂന്നുകാരൻ ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Modified ശനി, 25 ഫെബ്രുവരി 2023 (16:47 IST)
മലപ്പുറം: വളർത്തു മീനുകൾ ചത്ത മനോവിഷമത്തിൽ പതിമൂന്നുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചങ്ങരംകുളം വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ.മേനോൻ ആണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. പ്രാവിന്റെ തീറ്റകൊടുക്കാനായി വീടിന്റെ ടെറസിനു മുകളിൽ പോയ റോഷൻ അര മണിക്കൂറോളമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ഇരുമ്പു പൈപ്പിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ചു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കുട്ടി വളർത്തിയിരുന്ന രണ്ടു ഗോൾഡ് ഫിഷുകൾ രണ്ടു ദിവസം മുമ്പ് ചത്തിരുന്നതിന്റെ വിഷമത്തിലായിരുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂക്കുതല സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റോഷൻ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :