ശ്രീനു എസ്|
Last Modified വ്യാഴം, 24 ഡിസംബര്‍ 2020 (08:25 IST)
സുഗതകുമാരി ടീച്ചര്‍ മണ്ണിനെയും മനുഷ്യനെയും മാതൃഭാഷയെയും ഏറെ സ്നേഹിച്ച പ്രതിഭയായിരുന്നുവെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പാളയം അയ്യങ്കാളി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു
സംസാരിക്കുകയായിരുന്നു മന്ത്രി. മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായിരുന്ന ടീച്ചര്‍ ഏഴ് പതിറ്റാണ്ടുകളായി സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ടീച്ചര്‍ സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷയായി പ്രവര്‍ത്തിച്ചത് ആ മേഖലയിലെ തന്നെ ഒരു വഴിത്തിരിവായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലയാള സാഹിത്യത്തിനും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കും നികത്താനാകാത്ത നഷ്ടമാണ് സുഗതകുമാരി ടീച്ചറുടെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രമുഖ രാഷ്ട്രീയ നേതാക്കളായ എം.എ.ബേബി, പന്ന്യന്‍ രവീന്ദ്രന്‍, എ. വിജയരാഘവന്‍, എം. വിജയകുമാര്‍, പാലോട് രവി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോചനം അര്‍പ്പിച്ചു സംസാരിച്ചു. കവി വി. മധുസൂദനന്‍ നായര്‍ ടീച്ചര്‍ക്ക് അനുശോചനം അര്‍പ്പിച്ചു കവിത ചൊല്ലി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന നുശോചന സമ്മേളനത്തില്‍ ടീച്ചറുടെ ആരാധകരടക്കം നിരവധി പേര്‍ പങ്കെടുത്തു.