സബര്‍ബന്‍ സര്‍വ്വീസ്: അന്തിമ സാധ്യതാ പഠനറിപ്പോര്‍ട്ട് ഈമാസം

തിരുവനന്തപുരം| vishnu| Last Modified വെള്ളി, 18 ജൂലൈ 2014 (13:39 IST)
കേരളത്തില്‍ സബര്‍ബന്‍ സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുംബൈ റെയില്‍വികാസ്
കോര്‍പ്പറേഷന്‍ (എംആര്‍വിസി)
നടത്തിയ സാധ്യതാ പഠന റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125.56 കിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കായംകുളം-ഹരിപ്പാട് വരെ 13 കിലോമീറ്റര്‍ രണ്ടാംഘട്ടം തല്‍ക്കാലം വേണ്ടെന്ന് വച്ചിരിക്കുകയാണ്. പാത ഇരട്ടിപ്പിക്കല്‍ ഉടനുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് സബര്‍ബന്‍ പദ്ധതിയുടെ നീളം കുറച്ചത്. 3,300 കോടിരൂപയാണ് പദ്ധതിക്ക് കണ്ടെത്തേണ്ടത് എന്ന് പറയപ്പെടുന്നു.

പദ്ധതി നടപ്പാക്കുന്നതിനായി മൂന്നു കാര്യങ്ങള്‍ക്ക് പഠന റിപ്പോര്‍ട്ടില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് സിഗ്നലിംഗ്, പുതുതായി വാങ്ങുന്ന തീവണ്ടികള്‍, റെയില്‍വേസ്റ്റേഷനുകളുടെ നവീകരണം എന്നിവയാണത്. ഓട്ടോമാറ്റിക് സിഗ്നലിംഗ് നടത്തുന്നതിനായി ഓരോ കിലോമീറ്ററിനും 25 ലക്ഷം രൂപയോളം ചെലവുണ്ട്.

പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഫണ്ട് കണ്ടെത്തിയാല്‍ മുംബൈ റെയില്‍വികാസ് കോര്‍പ്പറേഷന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും. പഠനറിപ്പോര്‍ട്ടില്‍ 27 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം ഹാള്‍ട്ടിംഗ് സ്റ്റേഷനുകളാണ്. തിരുവനന്തപുരം, വേളി, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, എന്നിവയാണ് ഹാള്‍ട്ടിംഗ് സ്റ്റേഷനുകള്‍. കൊല്ലവും, വേളിയും ട്രെയിനുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള ഷണ്ടിംഗ് യാര്‍ഡ് ആക്കണം.

ആറ് കോച്ചുകള്‍ ഉള്ള ട്രെയിനുകളാണ് ഓടിക്കാന്‍ കഴിയുന്നത്. എന്നാല്‍, എത്ര ട്രെയിനുകള്‍ വേണമെന്നതിലോ ട്രെയിനുകള്‍ ഓടിക്കുന്നതിനുള്ള സമയക്രമത്തിലോ ഇതുവരെ ധാരനയുണ്ടായിട്ടില്ല. അതേ സമയം പദ്ധതിയുടെ അന്തിമ പഠന റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രിയും സംസ്ഥാന റെയില്‍വേ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്രത്തിലേക്കു പോകാന്‍ തയ്യാറെടുക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :