മലപ്പുറം|
എ കെ ജെ അയ്യർ|
Last Modified ശനി, 1 ഓഗസ്റ്റ് 2020 (09:27 IST)
'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ഉള്‍നാടന്‍ മത്സ്യ സമ്പത്ത് പ്രാദേശിക തലങ്ങളില്‍ വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിനുമായി നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു.
ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണവും ലഭ്യതയും ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് കര്‍ഷകരുടെ തൊഴില്‍സുരക്ഷ കൂടി ഉറപ്പുവരുത്തുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടവും ഭക്ഷ്യസുരക്ഷയും ഒരുമിച്ചു കൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണ്
ഈ പദ്ധതി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മുഖ്യാതിഥിയായി.
പദ്ധതിയില്‍ ജില്ലയില്‍ അഞ്ചിടങ്ങളിലായി 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിക്ഷേപിച്ചത്. തിരുനാവായയില്‍ നിന്ന് ഭാരതപ്പുഴയിലും, ചാലിയാര്‍ പുഴയില്‍ എടവണ്ണ, പോത്തുകല്ല് ഭാഗങ്ങളില്‍ നിന്നും മലപ്പുറം, പറപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് കടലുണ്ടിപ്പുഴയിലുമാണ്
ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. മലപ്പുറം നൂറാടിത്തോടില്‍ പി. ഉബൈദുള്ള എം.എല്‍.എയും എടവണ്ണ കുണ്ടുതോട് കടവില്‍ പി.കെ ബഷീര്‍ എം.എല്‍.എയും മല്‍സ്യവിത്ത് നിക്ഷേപം നടത്തി. സംസ്ഥാന തലത്തില്‍ വിവിധയിനത്തിലുള്ള നാലു കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസര്‍വോയറുകളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്.