ദിവസവും ആയിരങ്ങള്‍ രോഗികളാകുന്നു, ലോക്ക് ഡൌണ്‍ വരാന്‍ സാധ്യതയില്ല; പരിഹാരമെന്ത് ?

തിരുവനന്തപുരം| അനിരാജ് എ കെ| Last Modified വ്യാഴം, 23 ജൂലൈ 2020 (18:35 IST)
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ സംസ്ഥാനത്ത് ആശങ്കയേറി. ഈ കുതിപ്പ് പിടിച്ചുനിര്‍ത്താന്‍ സഹായകമായ നടപടിയെന്ത് എന്ന് അന്വേഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനം പൂര്‍ണമായും അടച്ചിട്ടുകൊണ്ട് ഒരു പ്രതിരോധം ഇനിയും സാധ്യമല്ലെന്ന രീതിയിലുള്ള ഉപദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

അങ്ങനെയെങ്കില്‍ രോഗം പടരാതിരിക്കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്നാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. കൊവിഡ് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് മാത്രം ലോക്ക് ഡൌണ്‍ നടപ്പാക്കുകയാണ് അതില്‍ പ്രധാനമായും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. അതിന് പുറത്തുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യണം. എന്നാല്‍ ആരും രോഗവാഹകരാകാം എന്ന നില വന്നതോടെ രോഗവ്യാപനം തടയുന്നതിന് മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോയെന്നും സര്‍ക്കാര്‍ അന്വേഷിക്കുന്നു.

വ്യാഴാഴ്ച 1078 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 798 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വന്നിരിക്കുന്നത്. സമ്പര്‍ക്കത്തിന്‍റെ ഉറവിടമറിയാത്ത 65 കേസുകള്‍ ഉണ്ടെന്നതും ആശങ്ക കൂട്ടുന്ന വസ്തുതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :