അരക്കോടി രൂപയുടെ ക്രമക്കേട്: സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

സബ് രജിസ്ട്രാറെ അധികാരികള്‍ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (12:07 IST)
സബ് രജിസ്‍ട്രാര്‍ ഓഫീസില്‍ അരക്കോടി രൂപയുടെ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് രജിസ്ട്രാറെ അധികാരികള്‍ അറസ്റ്റ് ചെയ്തു. തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസര്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേരാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍ ഒരാള്‍ പുറത്തുള്ളയാളാണ്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. സബ് രജിസ്ട്രാര്‍മാരായ കെ.ലതാകുമാര്‍, ബാലകൃഷ്ണന്‍, അറ്റന്‍ഡര്‍മാരായ മല്ലിക, അനില്‍ കുമാര്‍ ബിനു എന്നിവര്‍ക്കാണു സസ്പെന്‍ഷന്‍.

ഓഫീസില്‍ ചായ നല്‍കിയിരുന്ന വിഷ്ണു എന്നയാളാണു ഓഫീസിനു പുറത്തുനിന്നുള്ളയാള്‍. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ലഭിക്കുന്ന തുക ചെലാന്‍ വഴി എസ്.ബി.ടി യിലൂടെ വിഴിഞ്ഞം ട്രഷറി അക്കൌണ്ടിലായിരുന്നു അടച്ചിരുന്നത്. എന്നാല്‍ ഈ ചെലാനുകളില്‍ ചിലത് പണം അടയ്ക്കാതെ ബാങ്കിന്‍റെ വ്യാജ സീല്‍ ഉപയോഗിച്ച് സീല്‍ ചെയ്ത് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചായിരുന്നു തുകയില്‍ മറിമായം നടത്തിയത്.

എന്നാല്‍ അടുത്തിടെ നടന്ന പരിശോധനയില്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റും രജിസ്ട്രാര്‍ ഓഫീസിലെ സ്റ്റേറ്റ്മെന്‍റും തമ്മില്‍ ലക്ഷങ്ങളുടെ വ്യത്യാസം കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അര കോടിയോളം രൂപ ഇത്തരത്തില്‍ തിരിമറി നടത്തി തട്ടിയെടുത്തതായി കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :