''തെരുവ് നായ്ക്കളില്ലാത്ത കേരളം'' - പുതിയ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍

''തെരുവ് നായ്ക്കളില്ലാത്ത കേരളം'' പദ്ധതി ആരംഭിച്ചു

തെരുവ് നായ, പിണറായി, പുല്ലുവിള, എല്‍ഡിഎഫ്, കേരളം, മൃഗസംരക്ഷണ വകുപ്പ്, മൃഗസംരക്ഷകര്‍, stray dog, pinarayi vijayan, pulluvila, ldf, keralam, animal department,
PRIYANKA| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (15:34 IST)
കാലാകാലങ്ങളായി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അനുഭവിച്ചു വരുന്ന പ്രധാന പ്രശ്‌നമാണ് ശല്യം. മൃഗസംരക്ഷണവകുപ്പിന്റെ പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് രണ്ട് ലക്ഷത്തി അറുപത്തി എണ്ണായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് തെരുവ് നായ്ക്കള്‍ ഉണ്ട്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. കടലാസിലെത്താതെ പോയ തെരുവു നായ്ക്കള്‍ വേറെയുമുണ്ടാകുമല്ലോ.


തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതു ലക്ഷ്യമിട്ടുള്ള എബിസി പദ്ധതി സംസ്ഥാനത്ത് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ചയാണ് ഇതിന്റെ മുഖ്യകാരണം. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് നായകളുടെ വന്ധ്യംകരണ നടപടികള്‍ കുറച്ചെങ്കിലും മുന്നോട്ട് പോയത്. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം പുല്ലുവിളയില്‍ സില്‍വമ്മ എന്ന വൃദ്ധയെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നിരുന്നു. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ ഞെട്ടലും പ്രതിഷേധവുമാണ് തെരുവു നായ ശല്യം ഇല്ലാതാക്കലിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

തെരുവ് നായ ശല്യം രൂക്ഷമായ മേഖലകളില്‍ അടിയന്തിര പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇവിടങ്ങളില്‍ സപ്തംബര്‍ ഒന്നു മുതല്‍ വന്ധ്യംകരണം നടപ്പാക്കുമെന്നും ഇതിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി തെരുവ് നായ നിയന്ത്രണ നടപടികള്‍ ആരംഭിക്കും. അക്രമകാരികളായ നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദീര്‍ഘകാലടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കി ഒക്ടോബര്‍ മുതല്‍ നിയമാനുസ്രൃത നിയന്ത്രണ പരിപാടികള്‍ നടത്തും പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം അതത് ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹായത്തോടെ നായ്ക്കളെ പിടികൂടി ക്യാംപുകളില്‍ എത്തിച്ചു വന്ധ്യംകരണം നടത്തും. തുടര്‍ ചികിത്സയും സംരക്ഷണവും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കു പുറമെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍മാരെ നിയോഗിക്കും. അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയായിരിക്കും പദ്ധതി. എല്ലാ ജില്ലാഫാമുകളിലും ഇത്തരത്തില്‍ പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തും. ഇവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കേണ്ട ഉത്തരവാദിത്വം മൃഗസ്‌നേഹികളെ ഏല്‍പ്പിക്കും. തുടങ്ങി നിലവിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പദ്ധതിയ്‌ക്കൊപ്പം ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത ഉന്നതതല സര്‍വ്വകക്ഷി യോഗത്തില്‍ തെരുവു നായ ശല്യം ഇല്ലാതാക്കാന്‍ പേ പിടിച്ചതും അപകടകരമായി പെരുമാറുന്നതുമായ തെരുവുനായ്ക്കളെ നശിപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു. പട്ടികളുടെ ജനന നിയന്ത്രണ പദ്ധതി സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാലാക്കുമെന്നും. തെരുവുനായ്ക്കള്‍ക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇതിനുള്ള സൗകര്യങ്ങള്‍ എല്ലാ മൃഗാശുപത്രികളിലും ഒരുക്കുമെന്നും അന്ന് പ്രഖ്യാപിച്ചു. അഞ്ചുകോടി കേന്ദ്രഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗിച്ചാണ് ഈ പദ്ധതികളെല്ലാം നടപ്പിലാക്കാനുദ്ദേശിച്ചത്. എന്നാല്‍ പദ്ധതി കടലാസില്‍ മാത്രം ഒതുങ്ങിയതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :