കോഴിക്കോട്|
VISHNU N L|
Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (08:13 IST)
ശ്രീകൃഷ്ണ ജയന്തിക്ക് അഭിവാദ്യം അർപ്പിച്ചു ബോർഡ് സ്ഥാപിച്ച ബേപ്പൂർ നടുവട്ടത്തെ എഐവൈഎഫ് കമ്മിറ്റി പിരിച്ചു വിട്ടു. അടിസ്ഥാന ആശയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിലാണ് കമ്മിറ്റി പിരിച്ചു വിടുന്നതെന്ന്‍ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, സെക്രട്ടറി കെ. രാജൻ എന്നിവർ അറിയിച്ചു.
വിഷയത്തില്‍ പ്രവർത്തകരുടെ ജാഗ്രതക്കുറവിനെ സംസ്ഥാന കമ്മിറ്റി അപലപിച്ചു. എഐവൈഎഫ് തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല ആ ബാനർ. സംഘപരിവാറിന്റെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച ആഘോഷത്തിന് അനുഭാവം പ്രകടിപ്പിക്കേണ്ടവരല്ല എഐവൈഎഫുകാർ എന്ന് സംസ്ഥാന കമ്മിറ്റി പറഞ്ഞു.
വിശ്വാസികൾക്ക് എതിരല്ല, എന്നാൽ വിശ്വാസത്തിന്റെ മറപറ്റി വർഗീയ ധ്രുവീകരണം ലക്ഷ്യം വയ്ക്കുന്ന സംഘപരിവാർ ഒളി അജൻഡകളെ തുറന്ന് എതിർക്കുന്ന സംഘടനയാണ് എഐവൈഎഫ് എന്നും നേതാക്കൾ പറഞ്ഞു.