കണ്ണൂര്‍|
VISHNU N L|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (10:46 IST)
ഹിന്ദു സംഘടനകള്‍ക്ക് പുറമേ ഇടതുപക്ഷ സംഘടനകളും ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിനായി ഇറങ്ങുന്നതോടെ കണ്ണൂരില്‍ ഇന്ന് പോലീസ് നിരീക്ഷണം കര്‍ക്കശമാക്കി. ബിജെപി ബാലഗോകുലത്തിന്റെ പേരില്‍ ശോഭായാത്രയും സിപിഎം ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ഓണം ഘോഷയാത്ര എന്ന പേരിലുമാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. സംഘര്‍ഷ സാധ്യതസ് കണക്കിലെടുത്ത് ജില്ലയുടെ പല ഭാഗങ്ങളും സൈനിക-പൊലീസ് നിയന്ത്രണത്തിലായി.
സ്ഥിരമായി സംഘര്‍ഷം നടക്കുന്ന തലശ്ശേരി, പാനൂര്‍ മേഖലയില്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഇരു പരിപാടികളുടെയും സംഘാടകര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്രമമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ മാത്രമല്ല, ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി പിഎന്‍ ഉണ്ണിരാജന്‍ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാഹന പരിശോധന കര്‍ശനമാക്കാനും പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കാനും പൊലീസ് തീരുമാനിച്ചു. ഒരു നിലക്കും നിയമലംഘനം അനുവദിക്കേണ്ടന്ന കര്‍ശന നിലപാടിലാണ് പൊലീസ്.തലശ്ശേരി മേഖലയില്‍ സുരക്ഷാസന്നാഹം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഘോഷയാത്ര വീഡിയോയില്‍ റെക്കോഡ് ചെയ്യുന്നുണ്ട്. താളിക്കാവില്‍ റോഡരികില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ പൊലീസ് പൊളിച്ചുമാറ്റി.
ഓണത്തിന് തൊട്ടുമുമ്പായി തുടങ്ങിയ രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ക്ക് രണ്ടു ദിവസം മുമ്പാണ് അറുതിയായത്. ഇതിന് പിന്നാലെ നടക്കുന്ന യാത്രകള്‍ക്ക് ആളെ കൂട്ടാന്‍ ഇരു പാര്‍ട്ടികളും ശക്‌തമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. എല്ലാ ഒരുക്കങ്ങളും ഇരു പാര്‍ട്ടികളും നടത്തിയിട്ടുണ്ട്. എഡിജിപി ശങ്കര്‍ റെഡ്‌ഡി കഴിഞ്ഞ ദിവസം പ്രശ്‌നബാധിത സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.