ശ്രീകൃഷ്ണ ജയന്തി ചോരയില്‍ കുതിരും; സിപി‌എം - ബിജെപി സംഘര്‍ഷം വ്യാപിക്കും

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (13:56 IST)
സംസ്ഥാനത്ത് ശ്രീകൃഷ്ണജയന്തി ദിനാഘോഷങ്ങളുമായി സിപി‌എമ്മും മുന്നോട്ടുപോകുന്നത് സംഘപരിവാറുമായി സംഘര്‍ഷത്തിനു കാരണമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോഴിക്കോട്, കാസര്‍കോട്, കണ്‍ന്‍ഊര്‍, പത്തനംതിട്ട, ത്രിശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കാമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇരുവിഭാഗവും സംഘര്‍ഷം നേരിടുന്നതിന്റെ ഭാഗമായി ആയുധങ്ങള്‍ സംഭരിക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. തങ്ങളുടെ ശക്തി തെളിയിക്കാനായി ഏതറ്റംവരെയും പോകാന്‍ തയ്യാറാകുന്ന ഇരുവിഭാഗവും നേരിട്ട് ഏറ്റുമുട്ടുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. കൊലപാതകങ്ങളും സംഘര്‍ഷങ്ങളും നടക്കുന്ന ജില്ലകളായതിനാല്‍ കൂടുതല്‍ ജാഗ്രത ഇവിടങ്ങളില്‍ ഉണ്ടായിരിക്കണമെന്ന്‍ മുന്നറിയിപ്പില്‍ പറയുന്നു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. അതിനിടെ കണ്ണുരിലെ സംഘര്‍ഷം അടിച്ചമര്‍ത്താന്‍ ഐജി മനോജ് എബ്രഹാമിന് കണ്ണൂര്‍ ഐജിയുടെ അധിക ചുമതല നല്‍കിയേക്കും. നേരത്തെ കണ്ണൂര്‍ എസ്പിയായി പ്രവര്‍ത്തിച്ചു പരിചയമുള്ളതിനാല്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് തടയാനായേക്കുമെന്നാണ് ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിനു നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :