ആ സ്‌പിരിറ്റ് വാന്‍ എവിടെ? സിനിമാ സ്റ്റൈലിൽ മറഞ്ഞ വാനിനുവേണ്ടി ഇരുട്ടില്‍ തപ്പി പൊലീസും എക്‍സൈസും !

Spirit, Paliyekkara toll plaza, Excise, Police, സ്പിരിറ്റ്, പാലിയേക്കര ടോള്‍ പ്ലാസ, എക്‍സൈസ്, പൊലീസ്
തൃശൂർ| ജോര്‍ജി സാം| Last Modified ചൊവ്വ, 5 മെയ് 2020 (13:37 IST)
മദ്യമാഫിയായുടെ സ്പിരിറ്റ് നിറച്ച മിനി വാൻ സിനിമാ സ്റ്റൈലിൽ എക്സൈസിനെയും പൊലീസിനെയും വെട്ടിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം വാഹന ചെയ്സിംഗിനിടെ പാലിയേക്കര ടോൾപ്ലാസയിലെ ബാരിക്കേഡും തകർത്താണ് മിനി വാൻ അതിസാഹസികമായി കടന്നുകളഞ്ഞത്.

ചാലക്കുടിയിലെ ഒരു സ്വകാര്യ ഹോട്ടലിന്റെ മുൻ വശത്ത് സ്പിരിറ്റ് കൈമാറ്റം നടക്കുന്നു എന്ന വിവരം അറിഞ്ഞ എക്സൈസ് പാർട്ടി എത്തുകയായിരുന്നു. എന്നാൽ ഇവരെ കണ്ടതും ഡ്രൈവർ മിനിവാൻ അതിവേഗം മുന്നോട്ടെടുത്തു കുതിച്ചു. പിന്നാലെ എക്സൈസും.

മുന്നോട്ടുപോയ സ്പിരിറ്റ് വാൻ പാലിയേക്കര ടോൾ പ്ലാസയിലെ ബാരിക്കേഡ് തകർത്ത് പാഞ്ഞു. ഇതിനിടെ എക്സൈസ് പാർട്ടി പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ ഊടുവഴികളിലൂടെയും പിന്നീട് ദേശീയ പാതവഴിയും വാൻ പാഞ്ഞു. പട്ടിക്കാട് വച്ച് പൊലീസ് വാൻ തടഞ്ഞെങ്കിലും അവിടെയും പൊലീസിനെ വെട്ടിച്ച് വാൻ കടന്നുകളഞ്ഞു.

കുതിരാൻ വഴി പാലക്കാട്ടേക്ക് പോകുമെന്ന കണക്കുകൂട്ടലിൽ പൊലീസും എക്സൈസും വലവിരിച്ചെങ്കിലും പാലക്കാട്ട് എത്തുന്നതിനു മുമ്പായി മംഗലം ഭാഗത്തേക്ക് സ്‌പിരിറ്റ് വാൻ തിരിഞ്ഞുപോയി. ടോൾ പ്ലാസയിലെ സിസിടിവി ക്യാമറ വഴി വാനിന്റെ നമ്പർ കിട്ടിയെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഡ്രൈവർ ഒറ്റയ്ക്കാണ് അതി സാഹസികമായി അധികാരികളെ വെട്ടിച്ചു കടന്നുകളഞ്ഞത് എന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :