മീൻ വണ്ടിയിൽ കടത്തിയ 1050 ലിറ്റർ സ്പിരിറ്റ് പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (21:34 IST)
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ മീൻ വണ്ടിയിൽ ഒളിച്ചു കടത്തിയ 1050 ലിറ്റർ സ്പിരിറ്റ് പിടികൂടി. എക്സൈസ് വകുപ്പ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ സെന്തിൽ കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ അഞ്ചാം മൈലിലാണ് സ്പിരിറ്റ് പിടികൂടിയത്. സ്പിരിറ്റ് കൊണ്ടുവന്ന പിക്കപ്പ് വാഹന ഡ്രൈവർ നെടുമ്പാശേരി സ്വദേശി വിഷ്ണു (24), കൊടുങ്ങല്ലൂർ സ്വദേശി ഷബീർ (33) എന്നിവരെ എക്സൈസ് സംഘം പിടികൂടി.

വണ്ണാമട പ്രദേശത്ത് തെങ്ങിൻ തോപ്പുകളിലെ കലക്ക്കള്ള്
നിർമ്മിക്കാനാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് സൂചന. മീൻ കൊണ്ടുവരുന്ന പിക്കപ്പിൽ ഏറ്റവും പിറകിലായി കേടായ മീൻ നിറച്ച പെട്ടികൾ അടക്കിയ ശേഷം ഉൾവശത്തായി 35 ലിറ്ററിന്റെ 30 കന്നാസുകളിൽ ആയാണ് സ്പിരിറ്റ്‌ കൊണ്ടുവന്നത്.

എന്നാൽ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് ചിറ്റൂരിൽ എത്തിക്കാനാണ് നിർദ്ദേശം എന്നും പിന്നീട് എവിടേക്കാണ് കൊണ്ടുപോകേണ്ടത് എന്നറിയില്ലെന്നുമാണ് പിടിയിലായവവർ പറഞ്ഞത്. ഇത്തരം കടത്തുകളിൽ ചില എക്സൈസ് ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടെന്നാണ് നിലവിലെ ആരോപണം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :