തിരുവനന്തപുരം|
JOYS JOY|
Last Updated:
വ്യാഴം, 15 ഒക്‌ടോബര്‍ 2015 (12:44 IST)
തനിക്ക് കണ്ണിന് അസുഖമുണ്ടെന്നും കുനിയരുതെന്ന് ഡോക്‌ടറുടെ നിര്‍ദ്ദേശം ഉണ്ടെന്നും സ്പീക്കര്‍ എന്‍ ശക്തന്‍. തന്റെ ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാര്‍ അഴിപ്പിച്ച സംഭവം വിവാദമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
തനിക്ക് ശാരീരികമായി അസുഖമുണ്ട്. 18 - 19 വര്‍ഷങ്ങള്‍ക്കു മുമ്പ് വന്ന അസുഖമാണ്. പതിനായിരം പേരില്‍ ഒരാളിനോ ലക്ഷം പേരില്‍ ഒരാള്‍ക്കോ വരാവുന്ന അസുഖമാണ് ഇത്. കണ്ണിലെ ഞരമ്പ് തകരാറിലായതാണ്. കണ്ണിനകത്ത് ബ്ലഡ് ഇറങ്ങി കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെടുന്നു.
ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്‌ടപ്പെട്ടു. അടുത്ത കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്‌ടപ്പെട്ടു.
കണ്ണിനകത്ത് ഇടയ്ക്കിടയ്ക്ക് ബ്ലഡ് വരാറുണ്ട്. ചില കാര്യങ്ങള്‍ ദിനചര്യയില്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും കുനിയരുത്. കൈ കൊണ്ട് ഭാരമുള്ള ഒന്നും എടുക്കരുത്. കണ്ണില്‍ ചൂട് അടിക്കരുത്. ഈ പറഞ്ഞത് പിന്തുടരുകയാണെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ കഴിയുമെന്ന് ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ ആകുന്നതിനു മുമ്പേ ബിജു തന്റെ ഒപ്പമുണ്ട്. കണ്ണിന് അസുഖം വന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ എന്റെ ഒപ്പമുള്ളയാളാണ്. യാത്രയില്‍ മാത്രമല്ല വീട്ടിലും എന്നെ സഹായിക്കുന്നത് ബിജുവാണ്. എവിടെ പോകുകയാണെങ്കിലും ബിജു എന്നോടൊപ്പം ഉണ്ടാകാറുണ്ട്.
ഇത്തരം ചെറിയ ഒരു വിഷയം ഇത്രയേറെ പ്രാധാന്യം കൊടുത്ത് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ എത്തിക്കുന്നതില്‍ വിഷമമുണ്ട്. താന്‍ തലക്കനമുള്ള ആളാണെന്ന് ശത്രുക്കള്‍ പോലും പറയില്ല. ബോധപൂര്‍വ്വവും മനപൂര്‍വ്വവും ചെയ്ത കാര്യമല്ല. അസുഖത്തിന്റെ ഭാഗമായി മാത്രം എടുത്ത മുന്‍കരുതലാണ് - സ്പീക്കര്‍ വ്യക്തമാക്കി.