തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (13:07 IST)
പിസി ജോര്‍ജിന്റെ നിയമസഭാംഗത്വം അയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സമര്‍പ്പിച്ച പരാതിയില്‍ തെളിവെടുപ്പ് ഈ മാസം പതിനഞ്ചിലേക്ക് മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന തെളിവെടുപ്പ് മാറ്റിവയ്ക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
ഇത് പരിഗണിച്ചാണ് സ്പീക്കര്‍ എന്‍ ശക്തന്‍ തെളിവെടുപ്പ് നീട്ടിവച്ചത്. പതിനാറിലേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു ജോര്‍ജിന്റെ ആവശ്യം. എന്നാല്‍ പതിനഞ്ചിലേക്ക് മാറ്റാനാണ് സ്പീക്കര്‍ തീരുമാനിച്ചത്. അതേസമയം ജോര്‍ജ് ബോധപൂര്‍വ്വം പരാതി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു.
തെളിവെടുപ്പ് മാറ്റിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആയോഗ്യത സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനേയും സ്പീക്കര്‍ സാക്ഷിയാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും ഇത് കാണിച്ച് സ്പീക്കര്‍ കത്തയച്ചിട്ടുണ്ട്. ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് ഉമ്മന്‍ ചാണ്ടിയെ സാക്ഷിയാക്കിയിരിക്കുന്നത്.