കോട്ടയം|
Last Modified വ്യാഴം, 20 നവംബര്‍ 2014 (16:14 IST)
അഴിമതിയില്‍ സര്‍ക്കാരിന്റെ ഇടനിലക്കാരനാണ് സൂരജെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ ആനുകൂല്യം പറ്റിയവരുടെ കൂട്ടത്തില്‍ നീതിന്യായ വ്യവസ്ഥയിലെ ചിലരുമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പൊതുമരാമത്ത് മന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ നടത്തുന്ന അഴിമതിക്ക് സൂരജിനും പണം സമ്മാനിക്കുന്നു.
റിയലന്‍സുമായുള്ള ഇടപാടില്‍ പണം നല്‍കുന്നതിനെ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയും ടി ഒ സൂരജും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ദേശീയപാതയിലെ എല്ലാ ജോലികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്നു പറഞ്ഞതിലും അഴിമതിയുണ്ട്.
സൂരജിനെ സസ്പെന്‍ഡു ചെയ്ത് സ്വത്തുവകകള്‍ സര്‍ക്കാരിലേക്കു കണ്ടു കെട്ടണം. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും സൂരജ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായപ്പോള്‍ ഉറങ്ങാന്‍ കഴിയില്ലെന്നു പറഞ്ഞ മന്ത്രി പി ജെ ജോസഫ് ജലനിരപ്പ് 141.8 അടിയിലെത്തിയപ്പോള്‍ സുഖമായി ഉറങ്ങുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ ആനുകൂല്യം പറ്റിയവരുടെ കൂട്ടത്തില്‍ നീതിന്യായ വ്യവസ്ഥയിലെ ചിലരുമുണ്ട്. സാമ്പത്തികാനുകൂല്യം കൈപ്പറ്റിയവരുടെ പേരുകള്‍ പറയുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.