കൊച്ചി|
Sajith|
Last Modified ചൊവ്വ, 26 ജനുവരി 2016 (10:38 IST)
സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കും തന്റെ ഓഫീസിനും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കി. സരിതയ്ക്കോ ടീം സോളാറിനോ തന്റെ ഓഫീസിന്റെ ഭാഗത്തുനിന്നോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഒരുതരത്തിലുള്ള സഹായവും ഉണ്ടായിട്ടില്ലെന്നും സോളർ കമ്മിഷനു നൽകിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
സരിതയെ താന്‍ മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ട്. സരിതയും ശ്രീധരന്‍നായരും ഒരുമിച്ച് വന്ന് തന്നെ കണ്ടിട്ടില്ല. മുഖ്യമന്ത്രി കമ്മീഷനില്‍ മൊഴി നല്‍കി. അതേസമയം പൊതുതാത്പര്യം മുന്‍ നിര്‍ത്തിയല്ല സോളാര്‍ തട്ടിപ്പ് അന്വേഷിച്ച പ്രത്യേകസംഘം അന്വേഷണം നടത്തിയതെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചു.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. സോളാര്‍ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന വാദത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതുകൊണ്ടുതന്നെ സോളാര്‍ കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ താന്‍ തയ്യാറല്ല. സോളാര്‍ കമ്മിഷന്റെ ദീര്‍ഘമായ തെളിവെടുപ്പിനു ശേഷം പുറത്തുവന്ന മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തട്ടിപ്പ്‌കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഒരു മുഖ്യമന്ത്രിയെ ഇത്തരത്തില്‍ വിസ്തരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച് വിസ്താരവും മൊഴിയെടുപ്പും
അവസാനിച്ചത് അര്‍ധരാത്രി 12.45നു ആയിരുന്നു. കമ്മീഷന്റേയും അഭിഭാഷകരുടേയും ചോദ്യങ്ങള്‍ക്ക് ശാന്തനായി മറുപടി നല്‍കിയ മുഖ്യമന്ത്രി ചൊവ്വാഴ്‌ച്ച പുലര്‍ച്ചേ ഒരുമണിയോടെയാണ് സിറ്റിംങ് അവസാനിപ്പിച്ച് പുറത്തിറങ്ങിയത്.