ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രിയെ വിളിച്ചുവെന്ന് സോളാര്‍ കമ്മീഷനില്‍ മൊഴി

ലക്ഷ്മി എന്ന പേരിലാണ് സരിത വിളിച്ചത്

സോളാര്‍ തട്ടിപ്പ് കേസ് , സരിത എസ് നായര്‍ , സോളാര്‍ കമ്മീഷന്‍ , രമേശ് ചെന്നിത്തല
കൊച്ചി| jibin| Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (13:57 IST)
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ കേന്ദ്രമന്ത്രിയായിരുന്ന എസ്എസ് പളനിമാണിക്യത്തെ വിളിച്ചിരുന്നുവെന്ന് സോളാര്‍ കമ്മീഷനില്‍ മൊഴി. ചെന്നിത്തലയുടെ മുന്‍ പിഎ ടിജി പ്രദോഷാണ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കിയത്.

2012ല്‍ ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനത്തായിരിക്കുമ്പോഴാണ് അദ്ദേഹം പറഞ്ഞിട്ട് താന്‍ സരിതയെ വിളിച്ചത്.
ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത പളനി മാണിക്യത്തെ വിളിച്ചതിന്‍റെ സത്യാവസ്ഥ അറിയാന്‍ വേണ്ടിയായിരുന്നു വിളിച്ചത്. കേന്ദ്ര മന്ത്രിയെ സരിത വിളിച്ച വിവരമറിഞ്ഞ ചെന്നിത്തല തന്നോട് സരിതയെ വിളിച്ച് വിവരങ്ങള്‍ ആരായാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അന്ന് ലക്ഷ്മി എന്ന പേരിലാണ് സരിത വിളിച്ചത്. രമേശ് ചെന്നിത്തലയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സരിത ഫോണ്‍ വിളിച്ച് ഇതിനായി സമയം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ ചെന്നിത്തല തന്നോട് ലക്ഷ്മി ആരാണെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ സരിതയെ ഫോണില്‍ വിളിച്ചു. പിന്നീട് പലവട്ടം അവര്‍ തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും ചെന്നിത്തലയെ പരിചയപ്പെടുത്തി കൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും പ്രദോഷ് കമ്മീഷന് മുന്നില്‍ മൊഴി നല്‍കി.

പലപ്പോഴായി 127 തവണ സരിതയെ വിളിച്ചിരുന്നു. ഇതിന്റെ ഫോൺ രേഖകളും പ്രദോഷ് കമ്മിഷന് മുമ്പാകെ ഹാജരാക്കി.
പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രദോഷിനെ ചോദ്യം ചെയ്യാൻ കമ്മിഷൻ വിളിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :