തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (20:17 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ് നായര്‍ രംഗത്ത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദ ദൃശ്യങ്ങൾ പുറത്ത് വിടും. അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിട്ടും അന്വേഷിക്കാനുള്ള ആർജവം കാണിക്കാത്തത് എന്തികൊണ്ടാണെന്ന് വ്യക്തമാക്കണം. തന്റെ കത്ത് വ്യാജമാണെന്ന അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും സരിത പറഞ്ഞു.
കത്തിന്റെ ആധികാരികത സംബന്ധിച്ച എന്ത് പരിശോധനയ്ക്കും തയ്യാറാണ്. തമ്പാനൂർ രവിയുടെയും ബെന്നി ബെഹന്നാന്റെയും ഫോൺ രേഖകൾ പുറത്ത് വിട്ടിട്ടും അന്വേഷിച്ചിട്ടില്ല. പലരുടെ കയ്യിൽ നിന്നും ഫെനി പണം കൈപ്പറ്റിയിട്ടുണ്ട്. പുറത്ത് വിട്ട കത്ത് താൻ എഴുതിയതാണെന്നും സരിത പറഞ്ഞു.
സരിത മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരെയും ഗുരുതര ആരോപണമുന്നയിച്ച് പുറത്തുവിട്ട കത്ത് വ്യാജമാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ രാവിലെ പറഞ്ഞിരുന്നു. സരിതയുടേതായി ഇപ്പോൾ പുറത്തുവന്ന കത്തിൽ വന്‍ കൂട്ടിച്ചേർക്കലും തിരുത്തലുകളുമുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായി പുറത്തുവന്ന ലൈംഗികാരോപണവും വ്യാജമാണ്. ഈ ആരോപണം ആദ്യത്തെ കത്തിൽ ഉണ്ടായിരുന്നില്ല. ഈ കത്ത് പുറത്തുവിട്ടത് ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ഫെനി പറഞ്ഞിരുന്നു.