എസ്എൻഡിപി ഒറ്റയ്ക്ക് പാർട്ടി രൂപീകരിക്കില്ല,മാണിയേയും മുന്നണിയിൽ പ്രതീക്ഷിക്കുന്നു: വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര| VISHNU N L| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (14:42 IST)
എസ്എൻഡിപി ഒറ്റയ്ക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല എന്നും കെ.എം. മാണി ഉൾപ്പടെയുള്ളവരെ മുന്നണിയിൽ പ്രതീക്ഷിക്കുന്നതായും എസ്‌‌എന്‍‌ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍.
മൂന്നാം മുന്നണി രൂപീകരിക്കാൻ പോകുകയാണെന്ന് വ്യക്തമാക്കിയതോടെ രാഷ്ട്രീയക്കാർക്കെല്ലാം വിറളിപിടിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപി അടക്കം ഒരു പാർട്ടിയുമായും എസ്എൻഡിപിക്ക് ബന്ധമില്ലെന്നും,ആരോടും ശത്രുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ബന്ധമുണ്ടെങ്കിൽ മൂന്നാം മുന്നണിയുടെ ആവശ്യമില്ല. ബിജെപിയുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല എസ്എൻഡിപി പ്രവർത്തിക്കുന്നത്. താന്‍ സംഘപരിവാറില്‍ ചേക്കാറാന്‍ പോകുന്നില്ല. സംഘപരിവാറിൽ താൻ ചെന്നാൽ ചേർക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ചെല്ലുന്നവരെയെല്ലാം സ്വീകരിച്ച് മടിയിലിരുത്തുന്ന പ്രസ്ഥാനമല്ല സംഘപരിവാറെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിഎസിന്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുകയാണ്. കുമാരനാശനും ആർ ശങ്കറിനും അടക്കം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തൃശൂർ വിജിലൻസ് കോടതി അന്വേഷണം നടത്തി നിരപരാധിയെന്ന് കണ്ടെത്തിയതാണ്. എസ്എൻഡിപിയുടെ ഈ മുന്നേറ്റം തകർക്കാൻ ആർക്കും കഴിയില്ല. മാധ്യമങ്ങളിലെല്ലാം ഭൂരിപക്ഷസമുദായ ഐക്യത്തിനെതിരായ വാർത്തകളാണ് വരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :