വിവാദ പ്രസ്‌താവന: ഇടുക്കി ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു

ക്രൈസ്തവ പെൺകുട്ടികള്‍ , എസ്എൻഡിപി , കെസിബിസി , മാർ മാത്യു ആനിക്കുഴിക്കാട്ടിൽ
തൊടുപുഴ| jibin| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (11:37 IST)
ക്രൈസ്തവ പെൺകുട്ടികളെ എസ്എൻഡിപി യുവാക്കള്‍ മിശ്രവിവാഹത്തിലൂടെ തട്ടിയെടുക്കുകയാണെന്നുള്ള വിവാദ പരാമർശത്തിൽ ഇടുക്കി ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസംഗം ദുരുദ്ദേശപരമായിരുന്നില്ല. ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിഷപ്പ് പ്രസ്താവനയിറക്കി.

ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടർന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ബിഷപ്പിന്റെ വാക്കുകൾ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെസിബിസി പറഞ്ഞിരുന്നു. പിന്നാലെ സംഭവം വിവാദമായതിനെ തുടർന്ന് ബിഷപ്പിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എസ്എൻഡിപി ഇടുക്കി ഘടകം അരമനയുടെ മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇന്നു കൂടുതൽ പ്രതിഷേധനപ്രകടനങ്ങൾ നടക്കാനിരിക്കെയാണ് ബിഷപ്പിന്റെ പ്രസ്താവന.

ആനിക്കുഴികാട്ടിലിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് എത്തിയിരുന്നു‍. ബിഷപ്പ് വിഷം കുത്തുന്ന വര്‍ഗീയ വാദിയെ പോലെയാണ് സംസാരിക്കുന്നത്. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്നും ഇതിനായി വിദേശപണം ഒഴുക്കുന്നതെന്നും. അദ്ദേഹത്തിന്റെ തറപറ പറച്ചില്‍ മതനേതാവിന് ചേര്‍ന്നതല്ല. ബിഷപ്പിനെതിരെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് കേസെടുക്കണം എന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

നേരത്തെ കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താമത് പാസ്റ്ററല്‍ കൌണ്‍സിലിന്റെ യോഗത്തില്‍ സംസാരിക്കവെ മിശ്രവിവാഹം വിശ്വാസത്തിന് എതിരാണെന്ന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴികാട്ടില്‍ പറഞ്ഞിരുന്നു. ഇതുകൂടാതെ വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കണമെന്നും ലവ് ജിഹാദും എസ് എന്‍ ഡി പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മിശ്രവിവാഹങ്ങൾക്കു സർക്കാരിന്റെ പ്രോത്സാഹനമുണ്ടെങ്കിലും വിശ്വാസികളെന്ന നിലയിൽ അതിനെ എതിർക്കേണ്ടതുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു. ലൗ ജിഹാദും എസ്എന്‍ഡിപിയും നിഗൂഢ അജന്‍ഡയിലൂടെ പെണ്‍കുട്ടികളെ തട്ടിയെടുക്കുകയാണെന്നും ബിഷപ് ആനിക്കുഴിക്കാട്ടില്‍ ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :