സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകും, ജഗദീഷ് ഗണേഷ് കുമാറിനെതിരെ മത്സരിക്കും; ഇരുവരുമായും കെപിസിസി ചര്‍ച്ച നടത്തി

സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകും, ജഗദീഷ് ഗണേഷ് കുമാറിനെതിരെ മത്സരിക്കും; ഇരുവരുമായും കെപിസിസി ചര്‍ച്ച നടത്തി

കൊച്ചി| JOYS JOY| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (11:03 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ സിനിമയില്‍ നിന്നുള്ള പ്രമുഖരെ വെച്ച് ഒരു പരിക്ഷണം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. നടന്മാരായ സിദ്ദിഖ്, ജഗദീഷ് എന്നിവരെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സിദ്ദിഖിനെ അരൂരിലും ജഗദീഷിനെ പത്തനാപുരത്തും മത്സരിപ്പിക്കാനാണ് കെ പി സി സി തയ്യാറെടുക്കുന്നത്.

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരെ ജഗദീഷിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍, സഹപ്രവര്‍ത്തകനെതിരെ മത്സരിക്കാന്‍ ജഗദീഷ് വൈമുഖ്യ പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഗണേഷിനെതിരെ ജഗദീഷിനെ തന്നെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍, നടന്മാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമധാരണയായിട്ടില്ല.

കൊല്ലം ജില്ലയില്‍ നിന്ന് കെ പി സി സിക്ക് നല്കിയ സാധ്യതാപട്ടികയില്‍ ജഗദീഷിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍, ആലപ്പുഴ ജില്ലയില്‍ നിന്ന് നേതൃത്വത്തിന് നല്കിയ സാധ്യതാപട്ടികയില്‍ സിദ്ദിഖിന്റെ പേര് ഉണ്ടായിരുന്നില്ല. നേതൃത്വം നേരിട്ടാണ് സിദ്ദിഖിനെ മത്സരിപ്പിക്കുന്ന കാര്യം ആലോചിക്കുന്നത്. ആലപ്പുഴ ജില്ലയിലെ അരൂരില്‍ സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞതവണ അരൂരില്‍ 16, 000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. പുതുമുഖത്തെ നിര്‍ത്തിയാല്‍ പരാജയത്തിന്റെ ഭാരം ഇതില്‍ കൂടുതല്‍ കനക്കുമെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് പരിചിതമായ മുഖത്തെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്.

അതേസമയം, സിദ്ദിഖ് ഇതിനകം തന്നെ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പരിപാടികളില്‍ സജീവസാന്നിധ്യമായി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ലോക്സഭ സമ്മേളനത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം സിദ്ദിഖ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. നേരത്തെ, സര്‍ക്കാരിന്റെ വികസനപത്രികയായ സമന്വയത്തിനു വേണ്ടി മുഖ്യമന്ത്രിയുമായി സിദ്ദിഖ് അഭിമുഖം നടത്തിയിരുന്നു. കോണ്‍ഗ്രസിനോട് വളരെ അടുത്തുനിന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :