രേണുക വേണു|
Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (08:04 IST)
ഇടതുമുന്നണി വിടാന്‍ ഒരുങ്ങി ആര്‍ജെഡി. മുന്നണിക്കുള്ളില്‍ യാതൊരു സ്വീകാര്യതയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഇനിയും എല്‍ഡിഎഫില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് ആര്‍ജെഡി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ കൈവശമുള്ള ബോര്‍ഡ് - കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഉടന്‍ തന്നെ രാജിവയ്ക്കും. ലോക്‌സഭാ സീറ്റ് നിഷേധിച്ചതാണ് മുന്നണി വിടാനുള്ള തീരുമാനത്തിലേക്ക് ആര്‍ജെഡിയെ എത്തിച്ചത്.
ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ക്ക് ഇടതുമുന്നണിയില്‍ തുടരുന്നതില്‍ അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം ഇതേ അഭിപ്രായം പ്രകടമാക്കി. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ആര്‍ജെഡിക്ക് സീറ്റ് നിഷേധിച്ചിരുന്നു.
എംഎല്‍എ ഉണ്ടായിട്ടു പോലും രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടാത്ത ഏകകക്ഷിയാണ് ആര്‍ജെഡി. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ലോക്‌സഭാ സീറ്റിനു അര്‍ഹതയുണ്ടെന്നാണ് ആര്‍ജെഡി നേതൃത്വം എല്‍ഡിഎഫ് യോഗത്തില്‍ വാദിച്ചത്. എന്നാല്‍ എല്‍ഡിഎഫ് മുഖം തിരിച്ചു. മുന്നണി വിടേണ്ടവര്‍ക്ക് പോകാം എന്ന പരോക്ഷ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് പോകുന്ന കാര്യമാണ് ആര്‍ജെഡി ഇപ്പോള്‍ പരിഗണിക്കുന്നത്.