എ കെ ജെ അയ്യർ|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (17:03 IST)
തിരുവനന്തപുരം: പണാപഹരണം നടത്തിയ മുൻ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കോട്ടയത്തെ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി ആർ.ശ്രീകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.കേസിൽ ആരോപിച്ച കുറ്റം തെളിഞ്ഞതിനു അഞ്ചു വകുപ്പുകളിലായി ഓരോ വകുപ്പിനും രണ്ടു വർഷം വീതം കഠിന തടവിനൊപ്പം 95000 പിഴയും വിധിച്ചു. തൊഴിലുറപ്പു പദ്ധതിക്കായി കൃഷി ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പണാപഹരണം നടത്തിയത്.
ശ്രീകുമാർ 2008 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പത്തനംതിട്ടയിലെ റീജ്യണൽ അഗ്രോ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റിവ് - റെയ്ഡ്കോ യിൽ നിന്നും കൃഷി ഉപകരണങ്ങൾ വാങ്ങി എന്ന വ്യാജ രസീത് ഉപയോഗിച്ചാണ് ഇയാൾ 75822 സർക്കാരിൽ നിന്നും അപഹരിച്ചതായി കണ്ടെത്തിയത്.
കോട്ടയം വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം വിജിലൻസ് മുൻ ഡി.വൈ.എസ്.പി പി.കൃഷ്ണകുമാറാണ് കേസ് രജിസ്റ്റർ ചെയ്തു തുടരന്വേഷണം നടത്തിയത്.