'എന്നെ ആരും പഠിപ്പിക്കണ്ട, നല്ലത് ചെയ്താൽ അത് പറയും'; ചെന്നിത്തലയ്ക്ക് മറുപടിയുമായി തരൂർ

കോണ്‍ഗ്രസില്‍ മറ്റാരേക്കാളും ബിജെപിയെ എതിര്‍ക്കുന്നയാളാണു താനെന്നും തന്നെ ആരും പഠിപ്പിക്കേണ്ടെന്നും തരൂര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

Last Modified ഞായര്‍, 25 ഓഗസ്റ്റ് 2019 (17:37 IST)
മോദി അനുകൂല പ്രസ്താവന നടത്തിയ തന്നെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ശശി തരൂര്‍ എം.പി രംഗത്ത്. കോണ്‍ഗ്രസില്‍ മറ്റാരേക്കാളും ബിജെപിയെ എതിര്‍ക്കുന്നയാളാണു താനെന്നും തന്നെ ആരും പഠിപ്പിക്കേണ്ടെന്നും തരൂര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

നല്ലതു ചെയ്താല്‍ പറയുമെന്നും വിമര്‍ശനങ്ങള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മോദി എന്തെങ്കിലും നല്ലതു ചെയ്തിട്ടുണ്ടെങ്കില്‍ അതംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണം. മോദിയെ ശക്തമായി വിമര്‍ശിച്ചു പുസ്തകമെഴുതിയ ആളാണു ഞാന്‍. ബിജെപിയെ എതിര്‍ത്തതിനു രണ്ട് കേസുകളാണ് എനിക്കെതിരെയുള്ളത്. പാര്‍ലമെന്റിന് അകത്തും പുറത്തും മോദിക്കെതിരെ ശക്തമായ നിലപാടാണു ഞാനെടുത്തിട്ടുള്ളത്. ഞാന്‍ എന്താണു പറഞ്ഞതെന്നറിയാതെ വിമര്‍ശിക്കരുത്.

കേസിനെ പേടിച്ചായിരുന്നെങ്കില്‍ എനിക്കു നേരത്തെ ഈ നിലപാട് എടുക്കാമായിരുന്നു. ബിജെപിക്കെതിരായ എതിര്‍പ്പ് തുടരുമെന്നും തരൂര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :