സുനന്ദയുടെ ദേഹത്ത് മുറിവേറ്റ പാടുകൾ,പാക് മാധ്യമപ്രവർത്തകയുമായുള്ള തരൂരിന്റെ ബന്ധം അവരെ മാനസികമായി തകർത്തു; ശശി തരൂതിനെതിരെ കൂടുതൽ തെളിവുകൾ

ചൊവ്വാഴ്ച കോടതിയിൽ നടന്ന വാദത്തിനിടെയാണ് കേസിലെ സുപ്രധാന വിവരങ്ങൾ പൊലീസ് കോടതിയെ അറിയിച്ചത്.

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (13:26 IST)
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വിവരങ്ങളുമായി ഡൽഹി പൊലീസ്. ചൊവ്വാഴ്ച കോടതിയിൽ നടന്ന വാദത്തിനിടെയാണ് കേസിലെ സുപ്രധാന വിവരങ്ങൾ പൊലീസ് കോടതിയെ അറിയിച്ചത്.ശശി തരൂരിൽ നിന്ന് സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി ഡൽഹി പൊലീസ്‌. സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചിരുന്നതായും പൊലീസ്‌ കോടതിയിൽ പറഞ്ഞു.

സുനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെതിരെ സ്‌ത്രീകൾക്കെതിരായ അതിക്രമത്തിനും ആത്മഹത്യാപ്രേരണയ്‌ക്കും കേസെടുത്തിട്ടുണ്ട്‌. തരൂർ ഇപ്പോൾ ജാമ്യത്തിലാണ്‌. സുനന്ദയുടെ മരണ കാരണം വിഷം ഉള്ളിൽചെന്നാണെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 15ഓളം പരിക്കുകൾ ഉണ്ടായിരുന്നതായും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും കോടതിയിൽ വ്യക്തമാക്കി.

പാകിസ്ഥാനി പത്രപ്രവർത്തക മെഹർ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതൽ സുനന്ദ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സ്‌പെഷ്യൽ പബ്ലിക്‌ പ്രൊസിക്യൂട്ടർ അതുൽ ശ്രീവാസ്‌തവ കോടതിയിൽ പറഞ്ഞു. ഇതു സംബന്ധിച്ച്‌ കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുള്ള സുനന്ദയുടെ സുഹൃത്ത്‌ നളിനി സിങിന്റെ മൊഴിയും പ്രൊസിക്യൂട്ടർ തെളിവായി എടുത്തുപറഞ്ഞു. കേസ്‌ 31ന്‌ വീണ്ടും പരിഗണിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :