Rijisha M.|
Last Modified വ്യാഴം, 19 ജൂലൈ 2018 (11:51 IST)
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. താൻ നേരിടുന്ന പ്രശ്‌നങ്ങളും പീഡന വിവരങ്ങളുമൊക്കെ കന്യാസ്‌ത്രീ കർദ്ദിനാളിനോട് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് കർദ്ദിനാളിനെതിരെ കുരുക്ക് മുറുകുന്നത്.
പ്രശ്‌നങ്ങൾ പറഞ്ഞുകൊണ്ടുള്ള 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തില്‍ തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ആലഞ്ചേരി കന്യാസ്ത്രീയോട് പറയുന്നുണ്ട്. 'ലത്തീന്‍ സഭയുടെ കീഴിലുള്ള സന്ന്യാസിനി സമൂഹമായതിനാല്‍ പരാതി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ അറിയിക്കുക. തനിക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുകയില്ല.
പീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അതു ദൗര്‍ഭാഗ്യകരമാണ്. പീഡന വിവരം താന്‍ ആരോടും തുറന്ന് പറയില്ല. താന്‍ ഈ വിവരം അറിഞ്ഞതായി പൊലീസ് ചോദ്യം ചെയ്താല്‍ പോലും പറയില്ല. ഈ പീഡനം തെളിയിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും' കര്‍ദ്ദിനാള്‍ കന്യാസ്ത്രീയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പങ്കുവയ്ക്കുന്നു.
നേരത്തെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലും മാധ്യമങ്ങളുടെ മുന്നിലും തനിക്ക് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ആലഞ്ചേരി പറഞ്ഞിരുന്നത്. മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. അതീവ രഹസ്യ സ്വഭാവമുള്ള പരാതിയായതിനാല്‍ മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് അതില്‍ ഇടപെടാതിരുന്നത് എന്നും കർദ്ദിനാൾ പറഞ്ഞിരുന്നു.