നീതി നൽകേണ്ടവർ തന്നെ നീതി നിഷേധിക്കുന്നു; നടന്നുകൊണ്ടിരിക്കുന്ന കേസുകൾ വെറും ഉദാഹരണങ്ങൾ മാത്രം

നീതി നൽകേണ്ടവർ തന്നെ നീതി നിഷേധിക്കുന്നു; നടന്നുകൊണ്ടിരിക്കുന്ന കേസുകൾ വെറും ഉദാഹരണങ്ങൾ മാത്രം

ജലന്ധർ| Rijisha M.| Last Modified വ്യാഴം, 12 ജൂലൈ 2018 (14:32 IST)
തിരുസഭയുടെ സന്ന്യാസിയാകാനുള്ള ആഗ്രഹവുമായി അവൾ പതിനഞ്ചാം വയസ്സിൽ വീടുവിട്ടിറങ്ങി. കോടനാട്ടെ പരമ്പരാഗത ക്രിസ്‌ത്യൻ കുടുംബത്തിലെ അഞ്ച് മക്കളിൽ രണ്ടാമത്തെയാൾ. നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയും. ആഗ്രഹിച്ചതുപോലെ തന്നെ അവൾ കർത്താവിന്റെ മണവാട്ടിയായി. പക്ഷേ തുടർന്നുള്ള ജീവിതത്തിൽ എവിടെയോ അപ്രതീക്ഷിതമായി ചില ദുരനുഭവങ്ങൾ അവളെ തേടിയെത്തി.

ബിഷപ്പ് ഫ്രാങ്കോ തന്നെ 13 തവണ ശാരീരികമായി പീഡിപ്പിച്ചു എന്ന് പൊലീസിന് പരാതി നൽകിയത് ഈ പറയുന്ന കന്യാസ്‌ത്രീയാണ്. കേട്ടാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസം. വാർത്തയറിഞ്ഞവർ പലമുഖേനയും അതിനെ വ്യാഖ്യാനിച്ചു. ചിലർ കന്യാസ്‌ത്രീയെ കുറ്റം പറഞ്ഞു, ഫാദറിന് പിന്തുണ നൽകി.

സഭയ്‌ക്കുള്ളിൽ നീതി നടപ്പിലാക്കേണ്ടവരോടെല്ലാം കാര്യങ്ങൾ തുറന്നുപറഞ്ഞെങ്കിലും അവൾ ആഗ്രഹിച്ച നീതി അവൾക്ക് ലഭിച്ചില്ല.
തന്റെയും സഭയുടെയും മാനം സമൂഹത്തിൽ നശിപ്പിക്കരുതെന്ന ചിന്തയിൽ അവളും മൗനം പാലിച്ചു. പിന്നീടും ഇത് ആവർത്തിക്കപ്പെട്ടപ്പോൾ കർത്താവിനെ വിളിച്ച് കരയാൻ മാത്രമേ ആ മണവാട്ടിയ്‌ക്ക് കഴിഞ്ഞിരുന്നുള്ളൂ.

ഈ സംഭവം അടുത്തിടെ നടന്നതാണ്. എന്നാൽ 2017 ഫെബ്രുവരിയിൽ മറ്റൊരു സംഭവം കൊച്ചിയിൽ വെച്ച് നടന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പ്രമുഖ സിനിമാ താരത്തെ പീഡിപ്പിച്ചു. മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്‌ത വിഷയം. മാനസികമായി തകർന്നെങ്കിലും ആ നടി അതേക്കുറിച്ച് പൊലീസിൽ പരാതി നൽകി.

തുടർന്നുണ്ടായ ഓരോ സംഭവത്തിനും കേരളക്കര ഒട്ടാകെ സാക്ഷ്യംവഹിക്കുകയും ചെയ്‌തു. താരങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ട 'അമ്മ' സംഘടനയിലും പരാതി എത്തി. ഈ ക്രൂരപ്രവർത്തി നടക്കുന്നതിന് മുമ്പും നടി പ്രമുഖ നടനെക്കുറിച്ച് 'അമ്മ'യിൽ പറഞ്ഞിരുന്നു. അതിന് യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിരുന്നില്ല.

യഥാർത്ഥ പ്രതി ആരെന്ന് മനസ്സിലാകാത്ത കേസ്. നടി കൊടുത്ത പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം പ്രമുഖ നടനിലേക്ക് എത്തി. തുടർന്ന് പല നാടകീയ രംഗങ്ങളും അരങ്ങേറി. കോടതിയിൽ ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുന്നു. നടിയ്‌ക്കൊപ്പം നിൽക്കുന്നു എന്ന് പറഞ്ഞ് 'അമ്മ' നടന് വേണ്ടി പ്രാർത്ഥിക്കുന്നു.

കേസ് ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ രണ്ട് പ്രമുഖ സംഭവങ്ങളിലും 'ഇര'യ്‌ക്കൊപ്പം നിൽക്കേണ്ട 'കുടുംബക്കാർ' പിന്തുണയ്‌ക്കുന്നത് കുറ്റം ചെയ്‌തവരെയോ? കേസിൽ നിന്ന് പിടിയൂരാൻ ശ്രമങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നു. സത്യാവസ്ത എന്താണെന്ന് മനസ്സിലാകാതെ ജനങ്ങൾ വിഡ്ഢികളായി നിൽക്കുന്നു. ഈ രണ്ട് കേസുകൾ വെറും ഉദാഹരണങ്ങൾ മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :