ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (17:50 IST)
ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. ലോക വനിതാ ഫുട്ബോളിലെ 4 പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തുമെന്നും കായികമന്ത്രി വി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 75 -
മത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും. വനിതാ അന്താരാഷ്ട്ര സീനിയര്‍ ടൂര്‍ണമെന്റില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമും പങ്കെടുക്കും. 7 മത്സരങ്ങളാണ് ഉണ്ടാവുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റെ ക്യാമ്പ് കേരളത്തില്‍ നടത്താന്‍ എ ഐ എഫ് എഫ് തയ്യാറാണ്. ആഴ്ചയില്‍ ഒരു ദിവസം, പ്രാദേശിക ടീമുകള്‍ക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയര്‍ ടീം ക്യാമ്പും കേരളത്തില്‍ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :