അപർണ|
Last Modified ബുധന്‍, 9 ജനുവരി 2019 (08:24 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയില്‍ ദർശനം നടത്തിയതിന്റെ പേരിൽ ബിന്ദു തങ്കം കല്ല്യാണിയുടെ മകള്‍ക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി. പ്രവേശനം നല്‍കാമെന്ന് പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പ്രവേശനം നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ബിന്ദു വ്യക്തമാക്കുന്നു.
പതിനൊന്നുവയസ്സുകാരിയായ മകളുടെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി പാലക്കാട് ആനക്കട്ടി വിദ്യാവനം സ്‌കൂളിലാണ് ബിന്ദു അപേക്ഷ നല്‍കിയത്. ആദ്യമൊന്നും അവർക്ക് പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ, പ്രതിഷേധക്കാർ രംഗത്തെത്തിയതോടെ സ്കൂളുകാർ പിന്മാറുകയായിരുന്നു.
‘സ്‌കൂളിനെ ഈ വിഷയത്തില്‍ കുറ്റം പറയാനാവില്ല. മൂന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂൾ ആണ്.അപ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞത്. പ്രശ്‌നങ്ങളെല്ലാം കെട്ടടിങ്ങിയിട്ട് നോക്കാമെന്നും അവരെന്നോട് പറഞ്ഞു”.- ബിന്ദു പറയുന്നു.