ശബരിമലയിൽ സ്ട്രോംഗ് റൂം പരിശോധന പൂർത്തിയായി, 800 ഉരുപ്പടികൾക്ക് കണക്കില്ല

Last Updated: തിങ്കള്‍, 27 മെയ് 2019 (15:43 IST)
ശബരിമലയിൽ വഴിപാടുകളിൽ ലഭിച്ച സ്വർണം വെള്ളി ഉരുപ്പടികളുടെ കണക്കുകൾ പരിശോധിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് സംഘത്തിനെ പരിശോധന പൂർത്തിയായി. കണക്കിൽ പൊരുത്തക്കേടുകളുള്ള 40 കിലോ സ്വർണം സ്ട്രോങ് റൂമിൽ ഉണ്ടെന്ന് മഹസറുകളിലെ രേഖകളുടെ അടിസ്ഥാനത്തിൽ ഓഡിറ്റ് വിഭാഗം കണ്ടെത്തി.

2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് ഓഡിറ്റ് സംഘം പരിശോധിച്ചത്. സ്ട്രോംഗ് റൂമിലുള്ള 800 ഉരുപ്പടികളുടെ കണക്ക് നൽകാൻ ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല. 10413 ഉരുപ്പടികളാണ് ശബരിമല സ്ട്രോങ് റൂമിൽ ഉള്ളത്. ഇതിൽ 5720 ഉരുപ്പടികൾ ഓഡിറ്റ് വിഭാഗം പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. 800 ഉരുപ്പടികൾ ഒഴികെ ബാക്കിയുള്ളവ മറ്റു ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്കായി കൈമാറിയിരിക്കുകയാണ്.

വിരമിച്ചിശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നതോടെ ദേവസ്വം ബോർഡിലെ മുൻ ജീവനക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ജീവനക്കാരൻ ഉരുപ്പടികളുടെ കണക്ക് നൽകിയിട്ടില്ല എന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയതോടെയാണ് ഇക്കാര്യൺഗൾ ഉറപ്പു വരുത്തുന്നതിനായി പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ഉരുപ്പടികൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :