രേണുക വേണു|
Last Modified ചൊവ്വ, 18 നവംബര്‍ 2025 (14:39 IST)
ശബരിമലയില്‍ അപകടകരമായ രീതിയില്‍ ഭക്തജന തിരക്കെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഭക്തര്‍ പലരും ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തജനത്തിരക്ക് കുറയ്ക്കാന്‍ സ്‌പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നല്‍കി. 'രണ്ടാം ദിവസമായ ഇന്ന് ഇത്രയും തിരക്ക് അപ്രതീക്ഷിതം. അപകടരമായ രീതിയിലുള്ള തിരക്ക്. ക്യൂവില്‍ നില്‍ക്കാതെ ചാടി വന്നവരുണ്ട്. ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല. ക്യൂവില്‍ നില്‍ക്കാതെ ചാടി വരുന്നത് ക്യൂവില്‍ അധിക സമയം നില്‍ക്കേണ്ടി വരുന്നതിനാല്‍. പതുക്കെ പതുക്കെ ഇവരെയെല്ലാം പതിനെട്ടാം പടി കയറ്റാന്‍ ചാര്‍ജ് ഓഫിസറോട് പറഞ്ഞു. ഇങ്ങനെയൊരു ആള്‍ക്കൂട്ടം ഇവിടെ വരാന്‍ പാടില്ലായിരുന്നു,' കെ.ജയകുമാര്‍ പറഞ്ഞു.
പമ്പയിലേക്കുള്ള സ്‌പോട്ട് ബുക്കിങ് കുറയ്ക്കും. സ്‌പോട്ട് ബുക്കിങ്ങിനായി ഏഴ് അഡീഷണല്‍ ബൂത്തുകള്‍ നിലയ്ക്കലില്‍ സ്ഥാപിക്കുന്നുണ്ട്. നിലവിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു മിനിറ്റില്‍ 80-90 പേര്‍ പതിനെട്ടാം പടി കയറിയില്ലെങ്കില്‍ പറ്റില്ല. കേന്ദ്രസേന ഇന്നു വരുമെന്നാണ് അറിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.