ശബരിമല|
jibin|
Last Updated:
വെള്ളി, 19 ഓഗസ്റ്റ് 2016 (14:49 IST)
ശബരിമലയിൽ വിഐപികൾക്കുള്ള പ്രത്യേക ദർശന സൗകര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ ഇത് സാധ്യമല്ലെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ വാദം, ഇതോടെ വിശ്വാസത്തിന്റെ പേരിലൊരു തുറന്ന പോരിന് കളമൊരുങ്ങി.
അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തിരുവതാംകൂർ ദേവസ്വം ബോർഡ് ചെയർമാനും തമ്മില്‍ തര്‍ക്കമുണ്ടായത്. ശബരിമലയിൽ വിഐപി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കി ഇതിന് പ്രത്യേകം പണം ഈടാക്കണമെന്നായിരുന്നു
മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്. തിരുപ്പതി മാതൃക ശബരിമലയിലും വേണമെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടത്.
ശബരിമല നട എല്ലാ ദിവസവും തുറക്കുന്ന കാര്യം ആലോചിക്കണം. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ താൽപര്യപ്രകാരം മാത്രം മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് പ്രയാർ ഗോപാലകൃഷ്ണനുമായി തർക്കമുണ്ടായത്.
ശബരിമലയില്‍ മുഖ്യമന്ത്രി ലക്ഷ്യം വയ്‌ക്കുന്നത്:-
ലക്ഷക്കണക്കിന് ഭക്‍തരെത്തുന്ന ശബരിമലയില്‍ അടിസ്ഥാന സൌകര്യങ്ങളില്ല എന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയിലെ മിക്ക പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നുണ്ട്. ദിവസവും ആയിരക്കണക്കിനാളുകള്‍ എത്തുന്ന തിരുപ്പതിയിലും പഴനിയിലും
ദർശനത്തിന് പ്രത്യേക ടിക്കറ്റ് നല്‍കുന്നുണ്ട്. പഴനിയില്‍ 10, 100 രൂപ എന്നീ നിരക്കുകളിലാണ് ടിക്കറ്റ് ലഭ്യമാകുക. തിരുപ്പതിയില്‍ 330 രൂപയുമാണ് ദര്‍ശനത്തിനായുള്ള ടിക്കറ്റ് ചാര്‍ജ്.
തിരുപ്പതിയില്‍ എന്നും ദര്‍ശനം നടത്താന്‍ സാധ്യമായതിനാല്‍ ഭക്‍തര്‍ കൂടുതലായി എത്തുമെന്നത് അവഗണിക്കാനാവില്ല. നീണ്ട ക്യൂ ഒഴിവാക്കുന്നതിനും തിരക്കുകള്‍ കുറയുന്നതിനും ഇത് സാഹായകമാകും. ഇടതടവില്ലാതെ ഭക്‍തജനങ്ങള്‍
എത്തുന്നതിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പഴനിയിലും തിരുപ്പതിയിലും കഴിയുന്നുണ്ട്. ഈ സാഹചര്യം ശബരിമലയിലും വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുന്നത്.
വിശ്വാസങ്ങളെയും വിശുദ്ധിയേയും മാനിക്കാതെയുള്ള നടപടികളാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പറയുന്നില്ല. ശബരിമലയില്‍ മണ്ഡലകാലത്തും എല്ലാ മാസം ഒന്നാം തിയതിയും മാത്രമാണ് നട തുറന്നുള്ള ദര്‍ശനം സാധ്യമാകുന്നത്. ഈ ചെറിയ സമയത്തില്‍ കുറച്ചാളുകള്‍ക്ക് മാത്രമാണ് ദര്‍ശനം സാധ്യമാകുക. എന്നും ദര്‍ശനത്തിനുള്ള സൌകര്യമൊരുക്കിയാല്‍ തിരുപ്പതിയിലേയും ഗുരുവായൂരിലേയും പോലെ ഭക്‍തര്‍ ശബരിമലയിലും എത്തുമെന്നതില്‍ സംശയം വേണ്ട.
ശബരിമലയെ ദേശീയ തലത്തില്‍ ഉയര്‍ത്തികൊണ്ടുവന്ന് സംസ്ഥാനത്തിന് പുതിയ മുഖം നല്‍കണമെന്ന ആശയത്തിലാണ് മുഖ്യമന്ത്രിയുള്ളത്. ശബരിമലയോടു ചേർന്ന് വിമാനത്താവളം തുടങ്ങുന്നത് ആലോചനയിലാണെന്ന് അദ്ദേഹം പറഞ്ഞതില്‍ നിന്ന് അത് വ്യക്തമാണ്.
ദേശീയപാതയിൽ 50 കിമീ ചുറ്റളവിൽ യാത്രാ ഭവനുകൾ സ്ഥാപിക്കും, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ എത്തിക്കുന്നതിന് റോപ് വേ സൗകര്യം ഒരുക്കും, പമ്പയിൽ നിന്ന് തീർഥാടകർക്കായി പ്രത്യേകപാതയും പരിഗണനയിലെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്.
പമ്പയില്‍ പാർക്കിംഗ് സൗകര്യങ്ങൾ അപര്യാപ്തമായതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. നിലയ്ക്കലിൽ സൗകര്യമുണ്ടെങ്കിലും മതിയാകുന്നില്ല. വലിയ തോതിൽ പാർക്കിംഗ് സൗകര്യം ഉണ്ടാകണം. പലതട്ടിലായി ഉയരത്തിൽ വണ്ടികൾ പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യമാണ് ഉണ്ടാകേണ്ടടത്. മാത്രമല്ല, ശുചിത്വമുള്ള ഭക്ഷണവും ലഭ്യമാകണം. ഇപ്പോൾ ഭക്ഷണത്തിനു തോന്നിയ പോലെ വിലയീടാക്കുകയാണ്. അത് എങ്ങനെ നിയന്ത്രിക്കാനാവുമെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിൽ പറയുന്നുണ്ട്.
ആവശ്യമുള്ളതും വരും കാലത്ത് അനിവാര്യമാകേണ്ടതുമായ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി മുന്നില്‍ വയ്‌ക്കുന്നത്. എന്നാല്‍, വിഐപികൾക്കുള്ള പ്രത്യേക ദർശന സൗകര്യം ഒഴിവാക്കണമെന്ന നിര്‍ദേശം മാത്രമാണ് ചര്‍ച്ചകളില്‍ വരുന്നതും വിവാദമാകുന്നതും. ശബരിമലയില്‍ മതിയായ സൌകര്യങ്ങള്‍ ഇല്ലെന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ എന്നും പറയുന്നതാണ്. കാലം മാറുന്നതിന് അനുസരിച്ച് വിശ്വാസങ്ങളെ ഒപ്പം നിര്‍ത്തിയുള്ള തീരുമാനങ്ങളും മാറ്റങ്ങളും അനിവാര്യമാണ്.